കണ്ണൂർ: പേരാവൂർ ഹൗസിങ് ബിൽഡിങ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് സി പി എം ജില്ലാ നേതൃത്വം പണം തിരിച്ചു നൽകണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ :മാർട്ടിൻ ജോർജ്ജും, സതീശൻ പാച്ചേനിയും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപകർക്ക് കൊടുക്കാതെ അഴിമതി നടന്നു കൊണ്ടിരിക്കുകയാണ്. പേരാവൂരിൽ സഹകരണ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് വർഷങ്ങൾക്ക് മുമ്പേ നടന്നതാണ്. സിപിഎമ്മിന്റെ കൺട്രോൾ കമ്മീഷൻ അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ അഴിമതിക്ക് കൂട്ടു നിന്നവരാണ്.

കൊളക്കാട് കോഓപ്പറേറ്റീവ് സഹകരണ സംഘത്തിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകൻ ആളുകൾ പണയം വെച്ച സ്വർണം അവിടെനിന്ന് എടുത്തിട്ട് മറ്റുള്ള വരുടെ പേരിൽ വ്യാജമായി സ്വർണം വെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. സ്വർണംപണയം വെച്ച് എടുക്കാൻ വന്നപ്പോൾ ആണ് പ്രസ്തുത സംഭവം പുറംലോകം അറിഞ്ഞിരുന്നത്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ഒടുവിലത്തെ അഴിമതിയുടെ ഉദാഹരണമാണ് പേരാവൂർ ഹൗസിങ് ബിൽഡിങ് സൊസൈറ്റിയിൽ നടന്നിട്ടുള്ളത്. പ്രസ്തുത സൊസൈറ്റിയിൽ ചിട്ടിയുടെ പേരിൽ 700 ൽപരം ആളുകളെ ചേർക്കുകയും ആകർഷകമായ നിക്ഷേപം ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുള്ളത് .ചിട്ടി യിൽ പണമടച്ചാൽ നറുക്ക് വന്നാൽ പിന്നീട് പണം അടയ്‌ക്കേണ്ടതില്ല എന്ന് വ്യവസ്ഥയിലാണ് നാല് കോടി രൂപയോളം ഉള്ള അഴിമതി നടന്നിട്ടുള്ളത്. അതുപോലെതന്നെ ഇവിടെ നിക്ഷേപം നടത്തിയവർക്കും നിക്ഷേപം തിരിച്ചു കൊടുക്കാൻ കഴിയാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്.

ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകൾ ഉൾപ്പെടെ യുള്ളവരാണ് ഈ ചിട്ടി തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുള്ളത്. ഇവർ വീടു കയറിയാണ് ചിട്ടിയിൽ ആളുകളെ ചേർത്തിട്ടുള്ളത്. കൂടാതെ പ്രായമായവരെ, ഒരു ലക്ഷം രൂപയുടെ ലോൺ എടുപ്പിക്കുകയും അവർ അറിയാതെ പ്രസ്തുത ലോൺ രണ്ടും , മൂന്നും ലക്ഷം ആക്കി മാറ്റി എഴുതി എടുത്തിരിക്കുകയാണ്. സിപിഎം ലോക്കൽ സെക്രട്ടറി പ്രിയൻ നെടുംപൊയിൽ പ്രസ്തുത ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് സിപിഎമ്മിന്റെ ജില്ല നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ അനുമതിയോടെയാണ്.

ഈ ചിട്ടി ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി ഹരിദാസൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. ഹരിദാസന്റെ ജീവന് തന്നെ ഭീഷണി ആയിരിക്കുകയാണ് ഇപ്പോൾ. ഈ വ്യാപകമായ അഴിമതിയിൽ പാവപെട്ട തൊഴിലുറപ്പിലെ അംഗങ്ങളെ ഉൾപ്പെടെയാണ് പറ്റിച്ചിട്ടുള്ളത്. സിപിഎം ജില്ലാ നേതൃത്വം ഈ അഴിമതിക്ക് കൂട്ടുപിടിക്കുകയാണ്. കേരളത്തിലുടനീളം ഭരണത്തിന്റെ തണലിൽ കോടികളുടെ അഴിമതിയാണ് സഹകരണ സ്ഥാപനങ്ങളെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് നേതാക്കൾ വാർത്താസമ്മേളത്തിൽ ചൂണ്ടിക്കാട്ടി.