കൊച്ചി: മലയാളി സിബിഐ ഓഫീസർ നന്ദകുമാർ നായരുടെ സർവീസ് കേന്ദ്രസർക്കാർ നീട്ടിയതിന് കാരണം പെരിയ ഇരട്ട കൊലക്കേസിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കാനെന്ന് സൂചന. പെരിയാ കേസിൽ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് നന്ദകുമാർ നായരുടെ സർവ്വീസ് നീട്ടികൊടുത്തത്. അതിവേഗം പെരിയയിലെ ഗൂഡാലോചകരെ കണ്ടെത്താനാണ് നീക്കം. സിപിഎമ്മിലെ കണ്ണൂരിലെ ഉന്നതർക്കെതിരെ അന്വേഷണം നീളുമെന്നാണ് സൂചന.

കേരളത്തിൽ സിബിഐയ്ക്ക് നേരിട്ട് കേസെടുക്കാനാകില്ല. സ്വർണ്ണ കടത്തിലെ അന്വേഷണം മുറുന്നതിനിടെ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം ഇറക്കി. ഈ സാഹചര്യത്തിലാണ് കരുതലോടെ കേന്ദ്രം കളിക്കുന്നത്. പെരിയയിൽ സിബിഐയ്ക്ക് പൂർണ്ണ അധികാരം നൽകിയത് സുപ്രീംകോടതിയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആർക്കുമാകില്ല. പെരിയയിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ സിപിഎമ്മിനെ വടക്കൻ കേരളത്തിൽ പ്രതിസന്ധിയിലാക്കാമെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് നന്ദകുമാറിന് കാലാവധി നീട്ടിക്കൊടുക്കുന്നത്. അതിന് മുമ്പ് തന്നെ ഗൂഢാലോചനയിലെ അന്വേഷണം സിബിഐ പൂർത്തിയാക്കിയേക്കും.

സിസ്റ്റർ അഭയ കൊലക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഓഫീസറാണ് നന്ദകുമാർ നായർ. സിബിഐ മുംബൈ, തിരുവനന്തപുരം സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ മേധാവിയാണ് സൂപ്രണ്ടായ നന്ദകുമാർ നായർ. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പടെ നേടിയിട്ടുള്ള നന്ദകുമാർ നായർ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടുന്നത് സിബിഐയുടെ ചരിത്രത്തിൽ അപൂർവമാണ്. പെരിയയിൽ വിധി വന്നതിന് തൊട്ടു പിന്നാലൈയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്നാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്.

വിചാരണ നടക്കുന്ന അഭയക്കേസിൽ പ്രതികളെ അറസ്റ്റുചെയ്തത് നന്ദകുമാർ നായരുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ച കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതും നന്ദകുമാർ നായരാണ്. പൂണെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേറ്റുമരിച്ച കേസും ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ വിചാരണസംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നൽകുന്നതും അദ്ദേഹമാണ്. ഇതിനൊപ്പമാണ് പെരിയാ കേസിലെ ഉത്തരവാദിത്തം. ധബോൽക്കർ കേസിന്റെ അന്വേഷണം നന്ദകുമാർ തന്നെ പൂർത്തിയാക്കണമെന്ന് സിബിഐ ഡയറക്ടർ ഋഷികുമാർ ശുക്ല ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസും നിർണായക ഘട്ടത്തിലാണ്. ഇതിനൊപ്പം പെരിയയിൽ മേൽനോട്ടം വഹിക്കും.

തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാർ നായർക്ക് സഹപ്രവർത്തകർ മുംബൈയിൽ യാത്രയയപ്പ് യോഗവും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ആറുമാസത്തേക്കുകൂടി സർവീസ് നീട്ടിയ ഉത്തരവെത്തിയത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ് നേരിട്ടത്. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. കേസിലെ രേഖകൾ എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന പൊലീസിനോട് കോടതി ഉത്തരവിട്ടു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദത്തിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ കാരണങ്ങൾ കോടതി വിശദമായി കേട്ടു.

കേസിലെ പൊലീസ് അന്വേഷണം സമ്പൂർണവും മികവുറ്റതുമാണ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയ കുറ്റപത്രം ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചതോടെ അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് വ്യക്തമായി. എന്നിട്ടും സിബിഐ അന്വേഷണം അനുവദിച്ചത് സംസ്ഥാന പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കുമെന്നും സർക്കാർ വാദിച്ചു. ഇവയെല്ലാം തള്ളിയാണ് സിബിഐ അന്വേഷണം ശരിവച്ച് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ഉത്തരവിറക്കിയത്. അന്വേഷണം സിബിഐക്ക് വിട്ടതുകൊണ്ട് പൊലീസിന്റെ മനോവീര്യം ഇല്ലാതാകുമെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് സിബിഐ അറിയിച്ചതും കോടതി മുഖവിലയ്‌ക്കെടുത്തു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം ഡി.ജി.പി ഉൾപ്പെടേയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പലതവണ കത്ത് നൽകിയിട്ടും കേസ് രേഖകൾക്ക് നൽകിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്ന് കൃപേഷിന്റെയും ശരത്ലാലിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് ഭാഗിഗമായി ശരിവയ്ച്ചു.