നാസ: നാസയുടെ ബഹിരാകാശയാനം ചൊവ്വയിൽ ഇറങ്ങുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള പെർസെർവൻസ് എന്ന റോവറാണ് കഴിഞ്ഞ വ്യാഴാഴ്‌ച്ച ചൊവ്വയുടെ ഉപരിതലത്തിൽ സ്പർശിച്ച്ത്. തുടക്കത്തിലെ ഏതാനും സെക്കന്റുകൾ കറുത്ത സ്‌ക്രീൻ മാത്രമാണ് കാണാൻ കഴിയുക. പിന്നീട് ഭീമൻ പാരച്യുട്ട് വിടരുന്ന ദൃശ്യത്തോടെയാണ് ചൊവ്വാ യാത്രയുടെ ദൃശ്യം ആരംഭിക്കുന്നത്. അതോടൊപ്പം ഹീറ്റ് ഷീൾഡ് പുറത്തേക്ക് തള്ളുന്നതും സ്‌കൈ ക്രെയിൻ പ്രവർത്തന സജ്ജമാകുന്നതും കാണാം.

2.2 ബില്ല്യൺ ഡോളർ ചെലവിൽ നിർമ്മിച്ച പെർസെവെറൻസിൽ 25 കാമറകളും രണ്ട് മൈക്രോഫോണുകളുമാണുള്ളത്. ചൊവ്വയുടെഉപരിതലത്തിലേക്ക് പാരച്യുട്ടിൽ തൂങ്ങി ഇറങ്ങുന്ന സമയത്ത് അവ്യെല്ലാം പ്രവർത്തനക്ഷമമായിരുന്നു. ശബ്ദം റെക്കോർഡ് ചെയ്യാൻ മൈക്രോഫോണുകൾക്ക് ആയില്ലെങ്കിലും ഈ യാത്രയുടെ ഭീതിദമായ ദൃശ്യം മുഴുവൻ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ, പ്രക്ഷുബ്ദമായ അന്തരീക്ഷത്തിൽ ആടിയുലയുന്ന റോവറിന്റെ ദൃശ്യംശരിക്കും ഭീതി ഉണർത്തുന്നതുതന്നെയാണ്.

ഇത് പെർസെവെറൻസിന്റെ തുടക്കം മാത്രമാണ്. ഇതിനകം തന്നെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ തന്നെ സുപ്രധാനമായേക്കാവുന്ന ഏതാനും ചിത്രങ്ങൾ ഇത് ഭൂമിയിലേക്ക് അയച്ചു കഴിഞ്ഞു എന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചത്. ബഹിരാകാശയാനം ചൊവ്വയുടെ അപ്പർ അറ്റ്മോസ്ഫിയറിൽ പ്രവേശിച്ച് 230 സെക്കന്റുകൾക്ക് ശേഷമാണ് റോവർ ചൊവ്വയിൽ ഇറങ്ങാൻ യാത്രയാകുന്നത്. മണിക്കൂറിൽ 12,500 മൈൽ വേഗതയിലായിരുന്നു അപ്പോൾ യാത്ര.

പാരച്ചൂട്ടുകൾ പൂർണ്ണമായും വിടരുന്നതിനു മുൻപ് തന്നെ കാമറക്കണ്ണുകൾ തുറന്നു. അതാണ് വീഡിയോയുടെ ആദ്യം ഏതാനും സെക്കന്റ് നേരത്തേക്ക് കറുത്ത നിറം മാത്രം ദൃശ്യമാകുന്നത്. എന്നാൽ, ഏതാനും സെക്കന്റുകൾക്കകം പാരച്യുട്ട് തുറക്കുന്നത് കാണാം. ഇതുവരെ ചൊവ്വയിലേക്ക് അയച്ചിട്ടുള്ള പാരചൂട്ടുകളിൽ ഏറ്റവും വലിയ ഈ പാരച്യുട്ടിന്റെ കുടഭാഗത്തിന് 70.5 അടി വ്യാസമാണുള്ളത്. എഴു മിനിറ്റ് ഭീകരത എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ യാത്രയുടെ അവസാനം, റോവർ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തെ സ്പർശിക്കുന്നതും കാണാം.

അതിനുശേഷം ഹീറ്റ് ഷീൽഡ് അടർന്ന് മാറുന്നത് കാണാം. 12,000 ഡിഗ്രി ഫാരെൻഹീറ്റിൽ വരെ റോവറിനെ സംരക്ഷിച്ച ഷീൽഡാണിത്. ഇതോടെ റോവറിന്റെ അടിഭാഗത്ത് ഘടിപ്പിച്ച കാമറകളും പ്രവർത്തനക്ഷമമായി. അതോടെ ചൊവ്വയുടെ ഉപരിതല ദൃശ്യം കൂടുതൽ വ്യക്തമാവുകയാണ്. അവസാനം ചൊവ്വയുടെ ഉപരിതലം സ്പർശിക്കുന്നതോടെ ചുവന്ന പൊടിപടലങ്ങൾ ഉയരുന്നു. സുരക്ഷിതമായി റോവറിനെ ഇറക്കിയശേഷം സ്‌കൈ ക്രെയിൻ ദൂരങ്ങളിലേക്ക് പറന്നകലുന്നതും കാണാം.

തങ്ങളുടെ യാനത്തെ കുറിച്ചും റോവറിനെ കുറിച്ചും വ്യക്തമായ ധാരണ കിട്ടുന്നതിനും അതോടൊപ്പം കാണുന്നവർക്ക് ഒരു ചൊവ്വായാത്രയുടെ അനുഭവം പ്രദാനം ചെയ്യുന്നതിനുമായി ഇ ഡി എൽ ക്യാമറകളാണ് റോവറിൽ ഘടിപ്പിച്ചിരിക്കുന്നത് എന്ന് നാസ പറയുന്നു. ഈ ദൃശ്യാനുഭവത്തിന്റെ മാറ്റുകൂട്ടുന്നതിനായാണ് മൈക്രോഫോണും ഘടിപ്പിച്ചിരിക്കുന്നത്.