തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ പറഞ്ഞത് മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞ ഈ വാക്ക് അദ്ദേഹം തന്നെ തിരുത്തി. ഇഷ്ടംപോലെ പഴ്‌സണൽ സ്റ്റാഫുമാരെയാണ് ഈ സർക്കാർ നിയമിച്ചത്. അതു പോരാഞ്ഞ് ഖജനാവ് കൊള്ളയടിക്കാൻ വേണ്ടി മനപ്പൂർവ്വം അവസരം ഒരുക്കുകയും ചെയ്തു ഇടതു സർക്കാർ. ഭരണം അവസാനിപ്പിക്കുമ്പോൾ കടുംവെട്ടുമായാണ് മുഖ്യമന്ത്രി രംഗത്തുള്ളത്. സ്വന്തം പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടി എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തുകയാണ് പിണറായി.

രണ്ട് വർഷം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി ജോലി നോക്കായിൽ പിന്നീട് ആജീവനാന്തകാലം പെൻഷന് അർഹതയുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണമെന്ന ശമ്പളകമ്മീഷൻ ശുപാർശയും സർക്കാർ തള്ളുകയാണ്. മാത്രമല്ല, കൂടുതൽ പേർക്ക് പെൻഷൻ കിട്ടാൻ അവസരം ഒരുക്കാൻ വേണ്ടി രാജിവെച്ച് കള്ളക്കളിയും സർക്കാർ നടത്തുന്നു.

ഈ സർക്കാർ 2 വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ നിന്നു പുറത്തേക്കു പോയത് 35 പേരാണ്. ഇവർ തങ്ങൾക്ക് പെൻഷൻ ഉറപ്പിച്ച ശേഷം മറ്റുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയാണ് ചെയ്യുന്നത്. 2 വർഷം സേവനമനുഷ്ഠിച്ചാൽ പെൻഷൻ കിട്ടുമെന്നതിനാൽ ഒരാൾ ഒഴിയുന്ന തസ്തികയിൽ പുതിയ ആളെ നിയമിച്ച് അങ്ങനെ 2 പേർക്കു പെൻഷൻ നൽകാനായിരുന്നു ഇതിൽ 25 പേരും രാജിവച്ചത്.

ചട്ടത്തിലെ ഇളവുകൾ ദുരുപയോഗം ചെയ്ത് ഇത്തരത്തിൽ പെൻഷൻ വാങ്ങുന്ന പ്രവണത മുന്നണി വ്യത്യാസമില്ലാതെ കാലങ്ങളായി തുടരുകയാണ്. ഇതു കാരണമാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ കിട്ടാനുള്ള സർവീസ് കാലാവധി കുറഞ്ഞത് 4 വർഷമായി വർധിപ്പിക്കണമെന്നു ശമ്പള കമ്മിഷൻ ശുപാർശ ചെയ്തത്. ഈ ശുപാർശ കണ്ടില്ലെന്ന ഭാവത്തിലാണ് സർക്കാർ.

മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിലെ പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവർക്കു പെൻഷൻ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിൽ പ്രസ് അഡൈ്വസർക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും സ്ഥാനമൊഴിയുന്ന മുറയ്ക്കു പെൻഷൻ കിട്ടും.

പ്രസ് സെക്രട്ടറിക്കാകട്ടെ മുൻപ് വൈദ്യുതി മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന കാലാവധി കൂടി ഉൾപ്പെടുത്തിയിട്ടുള്ള അധിക പെൻഷനാണ് ലഭിക്കുക. മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിന്റെ ആൾബലം 30 ൽ നിന്നു 37 ആയി ഉയർത്തുന്നതിനോടു ധനവകുപ്പിന് താൽപര്യമുണ്ടായിരുന്നില്ല. നിയമവകുപ്പ് എതിർക്കുമെന്നതിനാൽ ഫയൽ അവിടേക്ക് അയച്ചതുമില്ല.

മുൻ സർക്കാരുകളുടെ കാലത്തു പൊളിറ്റിക്കൽ സെക്രട്ടറി, പ്രസ് സെക്രട്ടറി തുടങ്ങിയ പദവികൾ താൽക്കാലികമോ ഡപ്യൂട്ടേഷൻ നിയമനങ്ങളോ ആയിരുന്നു. അതിനാൽ ഇവർ പെൻഷന് അർഹരല്ലായിരുന്നു. ഇപ്പോൾ 7 പേരെ ചട്ടം ഭേദഗതി ചെയ്തു പഴ്‌സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതോടെ ഇവർക്കു പെൻഷൻ വാങ്ങാവുന്ന അവസ്ഥയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഖജനാവിന് ഭാരമുണ്ടാക്കുന്ന തുടർ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നതും ശ്രദ്ധേയമാണ്.