പത്തനംതിട്ട: വ്യവസായ സ്ഥാപനത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്നാരോപിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അടക്കം ഒമ്പതു പേർക്കെതിരേ ആറന്മുളയിലെ ജ്യോത്സ്യൻ ഹരികൃഷ്ണൻ നമ്പൂതിരി പൊലീസിൽ നൽകിയ കേസ് പിൻവലിക്കുന്നു. മുഴുവൻ പണവും സ്ഥാപന നടത്തിപ്പുകാർ ഹരികൃഷ്ണന് കൈമാറിയതിനെ തുടർന്നാണ് കേസ് പിൻവലിക്കുന്നത്. പൊലീസ് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചത് കാരണം ഒന്നുകിൽ അവർ തന്നെ എഴുതി തള്ളുകയോ അല്ലെങ്കിൽ ഉഭയകക്ഷി സമ്മത പ്രകാരം ഹൈക്കോടതിയെ സമർപ്പിച്ച് കേസ് റദ്ദാക്കുകയോ വേണം.

കഴിഞ്ഞ ദിവസമാണ് ജ്യോത്സ്യനിൽ നിന്ന് വാങ്ങിയ പണം മുഴുവൻ തിരികെ നൽകിയത്. കുമ്മനം അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽ പോകുമെന്ന് വന്നതോടെയാണ് പണം തിരികെ നൽകാൻ പ്രതികൾ തയാറായത്. പണം എളുപ്പം തിരികെ കിട്ടാനുള്ള സമ്മർദതന്ത്രം മാത്രമായിരുന്നു ഹരികൃഷ്ണന്റെ പരാതി. എന്നാൽ, ഈ പരാതിയിൽ വല്ലാതങ്ങു മയങ്ങിപ്പോയ സർക്കാരും സിപിഎമ്മും ഇപ്പോൾ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ്. കുമ്മനം അടക്കമുള്ളവർക്കെതിരേ പരാതി കിട്ടിയതിന് പിന്നാലെ അന്വേഷണം പോലുമില്ലാതെയായിരുന്നു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. അത് രാഷ്ട്രീല വിവാദത്തിനും വഴി വച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി കെട്ടിച്ചമച്ച കേസിൽ തന്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് കുമ്മനം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. അതേ സമയം, കുമ്മനം ഈ ഇടപാടിൽ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസ് ശേഖരിച്ചു. കമ്പനിയിൽ പണം മുടക്കാൻ താൻ പരാതിക്കാരനോട് പറയുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു കുമ്മനം പറഞ്ഞത്. കുമ്മനം മിസോറാം ഗവർണറായിരിക്കുന്ന കാലയളവിൽ ആറു പ്രാവശ്യത്തോളം സ്വന്തം മൊബൈൽ നമ്പരിൽ നിന്ന് ഹരികൃഷ്ണൻ നമ്പൂതിരിയെ വിളിച്ചിട്ടുള്ളതായുള്ള കോൾ ലിസ്റ്റ് പൊലീസിന് ലഭിച്ചു.

കുമ്മനം രാജശേഖരൻ അടക്കം ഒമ്പതു പേരെ പ്രതികളാക്കി ആറന്മുള പൊലീസ് തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തത്. 406, 420, 34 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നിവയാണ് പ്രധാന വകുപ്പുകൾ. കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീൺ വി പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, കുമ്മനം രാജശേഖരൻ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നു മുതൽ ഒമ്പതു വരെ പ്രതികൾ.