ലണ്ടൻ: കോവിഡിനുള്ള വാക്സിനുകൾ ഓരോന്നായി ഇറങ്ങിത്തുടങ്ങിയതോടെ പല അവകാശ വാദങ്ങളും നമ്മൾ കേൾക്കാൻ തുടങ്ങി. പല വാക്സിനുകളും മേന്മ അവകാശപ്പെട്ട് രംഗത്തെത്തിയെങ്കിലുംഏറ്റവും പുതിയ പഠനം തെളിയിക്കുന്നത് ഫൈസറിന്റെയും മൊഡേണയുടെയും വാക്സിനു മാത്രമാണ് ആജീവനാന്ത സംരക്ഷണം നൽകാൻ കഴിയുക എന്നാണ്. പുതിയ മെസഞ്ചർ ആർ എൻ എ(എം ആർ എൻ എ) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ വാക്സിനുകളിൽ ഏതെങ്കിലുമൊന്നിന്റെരണ്ടു ഡോസുകളും എടുത്തവർക്ക് കൂടുതൽ ശക്തവുംദീർഘവുമായി പ്രതിരോധ ശക്തി കൈവരുന്നു എന്നാണ് തെളിഞ്ഞിട്ടുള്ളത്.

കോവിഡ് വൈറസിന്റെ രണ്ടു വകഭേങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ ഏറ്റവും അധികം ഉദ്പാദിപ്പിച്ചത് ഈ രണ്ടു വാക്സിനുകളാണ്. ഇത് സൂചിപ്പിക്കുന്നത്, ഈ രണ്ട് വാക്സിനുകളിൽ ഒന്ന് എടുത്തവർക്ക് കൂടുതൽ കാലത്തേക്ക്, ഒരുപക്ഷെ ആജീവനാന്തകാലം സുരക്ഷ ഉറപ്പാണെന്നാണ്. മാത്രമല്ല, മറ്റു വാക്സിനുകളെപോലെബൂസ്റ്റർ ഡോസുകളുടെ ആവശ്യവും വേണ്ടിവരില്ല. ഇന്നലെ നേച്ചർ എന്ന സയൻസ് ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഫൈസർ വാക്സിനെടുത്ത 14 പേരിലായിരുന്നു പഠനം നടത്തിയത് ഇവരിൽ എട്ടുപേർക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. മെമ്മറി ബി സെൽ എന്ന് വിളിക്കപ്പെടുന്ന പ്രതിരോധ സംവിധാനകോശങ്ങൾ ഉദ്പാദിപ്പിക്കുന്ന ലിംഫ് നോഡുകളാണ് പ്രധാനമായും ഗവേഷകർ പരിശോധിച്ചത്. ശരീരത്തെ ആക്രമിക്കുന്ന രോഗകാരികളെ പൊതിയുകയാണ്ബി കോശങ്ങളുടെ ധർമ്മ. അത്തരത്തിൽ ദുർബലമാക്കപ്പെടുന്ന രോഗകാരികളെ മറ്റ് പ്രതിരോധ കോശങ്ങൾ നശിപ്പിക്കും. ഈ കോശങ്ങൾക്ക് പതിറ്റാണ്ടുകളോളം രക്തത്തിൽ സജീവമായി ചംക്രമണം നടത്താൻ കഴിയും.

വാക്സിന്റെ ആദ്യ ഡോസ് നൽകിയതിനു ശേഷം ക്രമമായ ഇടവേളകളിൽ ലിംഫ് നോഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചുകൊണ്ടിരുന്നു. മൂന്നാഴ്‌ച്ച, നാലാഴ്‌ച്ച, അഞ്ചാഴ്‌ച്ച, ഏഴാഴ്‌ച്ച, 15 ആഴ്‌ച്ചകൾ എന്നിങ്ങനെയുള്ള ഇടവേളകളിലായിരുന്നു സാമ്പിളുകൾ ശേഖരിച്ചത്. ആദ്യ ഡോസിനു ശേഷം ഏകദേശം നാലുമാസത്തോളം പ്രതിപ്രവർത്തങ്ങൾ നടന്നുകൊണ്ടിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, കെന്റിൽ ആവിർഭവിച്ച ആൽഫ വകഭേദത്തിനെതിരെയും ദക്ഷിണാഫ്രിക്കയിലെ ബീറ്റ വകഭേദത്തിനെതിരെയും കൂടുതൽ അളവില ആന്റിബോഡികൾ ഉദ്പാദിപ്പിക്കാൻ ഫൈസർ വാക്സിനു കഴിഞ്ഞു.

അതേസമയം, രണ്ട് വ്യത്യസ്ത വാക്സിനുകൾ സംയോജിപ്പിക്കുന്നത് കൂടുതൽനല്ല ഫലം നൽകുമെന്ന് ബ്രിട്ടനിലെ ഒരു പഠനം പറയുന്നു.ആദ്യ ഡോസായി അസ്ട്രസെനെക സ്വീകരിച്ചതിനു ശേഷം രണ്ടാം ഡോസ് എടുക്കുന്ന സമയത്ത് ഫൈസർ എടുക്കുകയാണെങ്കിൽ സാധാരണ ഉണ്ടാകുന്നതിന്റെ ഒമ്പതിരട്ടി ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെടും എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്. സർക്കാരിന്റെ പിന്തുണയോടെ നടന്ന ഈ പഠനത്തിന്റെ റിപ്പോർട്ടിനെതിരെയും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

യഥാർത്ഥ ജീവിതത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇപ്പോൾ നടക്കുന്ന ഒരേ വാക്സിന്റെ രണ്ടു ഡോസുകൾ എന്നത് വിജയിച്ചതാണെന്നും അതുതന്നെ തുടര്ന്നുകൊണ്ടുപോകണമെന്നുമാണ് ഒരുംകൂട്ടം വിദഗ്ദർ പറയുന്നത്. എന്നിരുന്നാലും വാക്സിൻ ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളിൽ കാര്യങ്ങൾ കൂടുതൽ വേഗത്തിൽ നീങ്ങുവാൻ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കും എന്നുറപ്പാണ്.