പാരിസ്: ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയെ ഒടുവിൽ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം. പ്രശസ്ത മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനും നൽകിയത് 90 ശതമാനം കൃത്യതയാണ്. അന്തിമഘട്ടത്തിലുള്ള്ള 11 വാക്സിനുകളിൽ ഇത്രയും റിസൾട്ട് കിട്ടുന്നത് ഇത് ആദ്യമാണ്. ഈ വാകിസിന് മറ്റ് പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കാനുള്ള നീക്കമാണ് ലോകത്ത് നടക്കുന്നത്.

ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ആദ്യമായാണ് അവർ കമ്പനിക്ക് പുറത്തുള്ള വിദഗ്ധരുമായി പങ്കുവെക്കുന്നത്. കോവിഡ് വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി ലോകം കാതോർത്തിരിക്കെയാണ് ഫൈസറിന്റെ വെളിപ്പെടുത്തൽ. മുമ്പ് കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ളവയ്‌ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്‌സിനുകൾ പോലെതന്നെ ഫലപ്രദമാണ് കോവിഡ് വാക്‌സിൻ. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.

രണ്ട് ഡോസ് വാക്‌സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്‌സിൻ സ്വീകരിച്ചയാൾക്ക് കോവിഡ് 19 ബാധയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളത്.

43,000ത്തിലധികം വോളന്റിയർമാരിൽ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരിൽ മറ്റു വസ്തുവോ നൽകി നടത്തിയ പരീക്ഷണത്തിൽ 94 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്‌സിൻ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരുന്നെന്ന പേരിൽ മറ്റു വസ്തുക്കൾ അതായത് ഡമ്മി മരുന്നുകൾ നൽകിയവരിൽ 90 ശതമാനത്തിനും കോവിഡ് ബാധിച്ചുവെന്ന് കമ്പനി പറയുന്നു.

ഫൈസറും ബയോണ്ണ്ക്കും ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 43,538 പേരാണ് പങ്കാളികളായത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവരാണ് അമേരിക്കയിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണങ്ങളുമായി സഹകരിച്ചത്. കോവിഡ് മഹാമാരിക്ക് അറുതിവരുന്നാനുള്ള മുന്നേറ്റമാണ് തങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് ഫൈസറിന്റെ അവകാശവാദം.
ആയിരക്കണക്കിന് പേരിൽ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളിൽ പുറത്തുവിടുമെന്നും കമ്പനി പറയുന്നു. വൈറസ് ബാധയിൽനിന്ന് വാക്‌സിൻ ദീർഘകാല സംരക്ഷണം നൽകുമോ, ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷിക്കുമോ എന്നകാര്യങ്ങളിലും ഫൈസറിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്.

മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങളാണ് കോവിഡ് വാക്‌സിൻ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതെന്ന് ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബൗള പ്രസ്താവനയിൽ അവകാശപ്പെട്ടു. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നൽകുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസർ. റെക്കോർഡ് വേഗത്തിലാണ് അവരുടെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള നാലെണ്ണമടക്കം 11 കോവിഡ് 19 വാക്‌സിനുകളാണ് നിലവിൽ അവസാനഘട്ട പരീക്ഷണത്തിലുള്ളത്. ഇതിൽ റഷ്യയുടെയും ചൈനയുടെയും കോവിഡ് വാക്സിനുകൾ ലോകരാരോഗ്യ സംഘടനയടക്കം അംഗീകരിച്ചിട്ടില്ല. പലതിനും 90 ശതമാനം ഫലസിദ്ധി ഉറപ്പുവരുത്താൽ ആയിട്ടില്ല. പാർശ്വഫലങ്ങളുടെ കാര്യത്തിലും സംശയുണ്ട്. എന്നാലും ഗൾഫ് രാജ്യങ്ങളലടക്കം ഇപ്പോഴും വ്യാപകമായി വാക്സിൻ എടുക്കുന്നുണ്ട്. എന്നാൽ ഫൈസർ വാകസിന്റെ അത്ര കൃത്യത ഇവർക്ക് ആർക്കും ഉറപ്പിക്കാൻ ആയില്ല. 90 ശതമാനം ഫലസിദ്ധി ഉറപ്പ് വരുത്തിയാൽ അത് അംഗീകരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും ചട്ടങ്ങൾ പറയുന്നത്.