കൽപ്പറ്റ: പിക്കപ്പ് വാൻ മോഷ്ടിച്ച് തമിഴ്‌നാട്ടിൽ വിൽപ്പന നടത്തിയ കേസിലെ പ്രതികൾ പിടിയിലായി. മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടിൽ മുഹമ്മദലി (43), തേലക്കാട് തളിയിൽ രത്‌നകുമാർ (42), തമിഴ്‌നാട് ചേരമ്പാടി മഞ്ഞംപ്രിയത്തിൽ നസീർ (55) എന്നിവരാണ് അറസ്റ്റിലായത്. സുൽത്താൻബത്തേരി സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് ബത്തേരി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബത്തേരി റഹ്മത്ത് നഗർ സ്വദേശിയായ ജിനീഷിന്റെ പേരിലുള്ള വാഹനമാണ് മോഷ്ടിച്ചത്. ഇത് തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിറ്റെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. മുഹമ്മദലിയും രത്‌നകുമാറും അഗളിയിൽ തോട്ടത്തിൽ ജോലി ചെയ്തുവരവെയാണ് പിടിയിലായത്. നസീറിനെ പെരിന്തൽമണ്ണയിൽ നിന്നാണ് പിടികൂടിയത്. മൂവരും മുമ്പ് കഞ്ചാവ്‌കേസിൽ പ്രതികളായവരാണെന്നും പൊലീസ് പറഞ്ഞു.