കോഴിക്കോട്; പുതിയ മന്ത്രി സഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദമെന്ന ആരോപണം ശക്തം. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട മന്ത്രിമാർക്ക് നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത നൽകിയ കത്ത് പുറത്തായ പശ്ചാതലത്തിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

നേരത്തെ മന്ത്രിമാരെ പ്രഖ്യാപിച്ച സമയത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസി കാര്യവും വി അബ്ദുറഹിമാനാണെന്നാണ് വാർത്തകളിൽ പുറത്ത് വന്നിരുന്നത്. എന്നാൽ ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോളാണ് ഈ രണ്ട് വകുപ്പുകളും മുഖ്യമന്ത്രി ഏറ്റെത്തതായി അറിയുന്നത്. എന്നാൽ മറ്റ് മന്ത്രിമാരുടെ നേരത്തെ പ്രഖ്യാപിച്ച വകുപ്പുകളിൽ വ്യത്യാസവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം.

ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനിടയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അതല്ലെങ്കിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ആർക്കെങ്കിലും നൽകുകയോ വേണമെന്നും ആവശ്യപ്പെട്ട് കേരള കത്തോലിക്കേറ്റ് യൂത്ത് മൂവ്മെന്റ് താമരശ്ശേരി രൂപത നൽകിയ കത്ത് പുറത്തായത് ആരോപണങ്ങൾക്ക് ശക്തി പകരുന്നു. 2008ൽ വകുപ്പ് നിലവിൽ വന്നത് മുതൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

അതുകൊണ്ട് വകുപ്പുമായി ബന്ധപ്പെട്ട ഗുണങ്ങളെല്ലാം ലഭിക്കുന്നതും മുസ്ലിം വിഭാഗത്തിനാണ്. മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾ, വിധവകൾ, മത അദ്ധ്യാപകർ എന്നിവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ വകുപ്പ് മുസ്ലിം മന്ത്രിമാർ കൈകാര്യം ചെയ്തതിന്റെ ഫലമാണ്. അതുകൊണ്ട് തന്നെ ഇത്തവണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അതല്ലെങ്കിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട മന്ത്രിമാർക്ക് നൽകുകയോ വേണമെന്നാണ് കത്തിൽ പറയുന്നത്. ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷൻസ് ജാഗ്രത സമിതിയും, കത്തോലിക്ക് കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ.

താമരശ്ശേരി രൂപത യുവജന വിഭാഗത്തിന്റെ കത്ത് പുറത്താവുകയും മുഖ്യമന്ത്രി വകുപ്പ് തിരിച്ചെടുക്കുകയും ചെയ്തതോടെ ഇത് സംബന്ധിച്ച് മുസ്ലിം സഘടനകൾക്കിടയിൽ നിന്നും എതിർപ്പ് ശക്തമായി. വിവിധ മുസ്ലിം സംഘടന പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ചുള്ള എതിർപ്പുകൾ പരസ്യമായി പ്രകടപ്പിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയിൽ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ആരുടെയെങ്കിലും സമ്മർദ്ദത്തിന് കീഴടങ്ങിയാണ് സർക്കാർ ഇത്തരം തീരുമാനമെടുത്തതെങ്കിൽ അത് ഈ മന്ത്രിസഭയിലെ കറുത്ത പാടായി എന്നും അവശേഷിക്കുമെന്നും മുസ്ലിം സംഘടന പ്രതിനിധകൾ പറയുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസി കാര്യവും വി. അബ്ദുറഹിമാനു നൽകിയതയാണ് നേരത്തെ അനൗദ്യോഗികമായി പ്രഖ്യാപനം വന്നിരുന്നത്.

എന്നാൽ ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തിൽ വി. അബ്ദുറഹ്മാനിൽ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾക്കും തുടക്കമായത്. ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തിൽ വി. അബ്ദുറഹ്മാന്റേതല്ലാത്ത മറ്റൊരു മന്ത്രിയുടേയും വകുപ്പു മാറ്റിയിട്ടുമില്ല എന്നതും ആരോപണങ്ങൾക്ക് ശ്കതി പകരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ആഭ്യന്തരവും ഉൾപടെ ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്.