തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഭാ സമ്മേളനം വിളിക്കാത്തതുമായി ബന്ധപ്പെട്ട് ഗവർണ്ണർ മുഹമ്മദ് ആരീഫ് ഖാൻ അയച്ച കത്തിന്റെ പൂർണ്ണ രൂപം പുറത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ചില ഒളിയമ്പുകൾ ഇതിലുണ്ട്. സംഘപരിവാർ പത്രമായ ജന്മഭൂമിയാണ് കത്തിന്റെ രൂപം പുറത്തു വിടുന്നത്.

ഇത്തവണയും താങ്കളുടെ അപേക്ഷ നിരസിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പക്ഷേ താങ്കൾ ഞാൻ ഉന്നയിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് മാത്രമല്ല ഞാൻ ഉന്നയിക്കാത്ത അനാവശ്യ കാര്യങ്ങളിലേക്ക് ഇതിനെ എത്തിക്കുകയാണ് ചെയ്തത്. ഇന്നലെ അതായത് 22.12.2020 ൽ വൈകിട്ട് 7 മണിയോടെ താങ്കളുടെ ഓഫീസിൽ നിന്ന് എന്റെ ഒ.എസ്.ഡിയെ ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇപ്പോൾ അയക്കുന്ന കത്ത് ഗവർണ്ണർ അല്ലാതെ മറ്റാരും തുറക്കരുത് എന്ന് ആവശ്യപ്പെട്ടു. 'രഹസ്യം' എന്ന് രേഖപ്പെടുത്തിയ കവർ ഞാൻ തന്നെ തുറന്ന് വായിക്കുകയും ചെയ്തു. പക്ഷേ ഞാൻ വായിച്ചു കൊണ്ടിരുന്ന കത്തിന്റെ വിശദാംശങ്ങൾ 'കൈരളി' ചാനലിന്റെ വാർത്താ അവതാരകൻ വായിക്കുന്നു എന്ന് വേദനയോടെയാണ് ഞാൻ അറിഞ്ഞത്-ഇങ്ങനെ മുഖ്യമന്ത്രിയെ ഗവർണ്ണർ അറിയിച്ചുവെന്നാണ് ജന്മഭൂമി പറയുന്നത്.

ജന്മഭൂമി പുറത്തുവിട്ട ഗവർണ്ണറുടെ കത്തിന്റെ മലയാള പരിഭാഷയുടെ പൂർണ്ണ രൂപം

22.12.20 ൽ താങ്കൾ അയച്ച കത്തിന് നന്ദി.

23.12.20 ൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന എന്റെ ചോദ്യത്തിന് ഞാൻ ഉന്നയിക്കാത്ത സംശയങ്ങൾക്കുള്ള മറുപടിയാണ് താങ്കൾ നൽകിയിരിക്കുന്നത്. എന്ന് മാത്രവുമല്ല താങ്കളുടെ ഊന്നലുകൾ ഈ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ്. ഇത്തരം ഫയലുമായി ബന്ധമുള്ള കാര്യങ്ങളിലാണ് മറുപടി എങ്കിൽ കൂടുതൽ നന്നായേനേ.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണ്ണർ ബാധ്യസ്ഥനാണെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. കഴിഞ്ഞ ഒന്നരവർഷക്കാലമായി ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നും താങ്കൾക്ക് അറിവുള്ളതാണല്ലോ? എന്നാൽ 24 മണിക്കൂറിനുള്ളിൽ നിയമസഭ വിളിച്ചു ചേർക്കണമെന്ന് പറയുന്നത് അസാധാരണവും ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി വേണം സഭ വിളിച്ചു ചേർക്കാൻ എന്നതാണ് ചട്ടം. അതിന് വിരുദ്ധമായി കാര്യങ്ങൾ നടക്കുമ്പോൾ അത് ചട്ടവിരുദ്ധമല്ല എന്ന് ഉറപ്പാക്കേണ്ടത് ഗവർണ്ണറുടെ ഓഫീസിന്റെ ഉത്തരവാദിത്തമാണ്.

അൽപ്പം കൂടി ലളിതമായും വിശദമായും പറഞ്ഞാൽ 2021 ജനുവരി 8 ന് നിയമസഭ വിളിച്ചു ചേർക്കണമെന്ന ഡിസംബർ 7 ന്റെ മന്ത്രിസഭാ ശുപാർശ ഡിസംബർ 8 വൈകിട്ട് 06.30 ന് എന്റെ ഓഫീസിൽ കിട്ടി. 19 ഉം 20 അവധി ദിനങ്ങളായതിനാൽ സഭ വിളിച്ചു കൂട്ടാൻ 21 ന് തന്നെ അനുമതി നൽകി താങ്കളുടെ ഓഫീസിലേക്ക് അയച്ചിട്ടുള്ളതാണ്. എന്നാൽ അന്ന് ഉച്ചയ്ക്ക് തന്നെ മറ്റൊരു ഫയൽ താങ്കളുടെ ഓഫീസിൽ നിന്ന് ഗവർണ്ണറുടെ ഓഫീസിൽ ലഭിച്ചു. ജനുവരി 8 ന് നിയമസഭ വിളിക്കണമെന്ന ആദ്യ ശുപാർശ പിൻവലിക്കുന്നതായും 2020 ഡിസംബർ 23 ന് ചില ഗൗരവമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിരമായി സഭ ചേരാൻ അനുവാദം നൽകണമെന്നുമായിരുന്നു ഫയലിലെ ആവശ്യം. ഗൗരവമായ വിഷയങ്ങൾ എന്നല്ലാതെ എന്തിനാണ് സഭ ചേരുന്നതെന്ന് ഫയലിൽ ഉണ്ടായിരുന്നില്ല.

21.12.2020 ൽ തന്നെ ഞാൻ ചോദിച്ച വിശദീകരണത്തിന് താങ്കൾ നൽകിയ മറുപടി കാർഷിക മേഖലയുമായും കർഷകരുമായും ബന്ധപ്പെട്ട ചില പൊതുതാത്പര്യ കാര്യങ്ങൾ എന്നായിരുന്നു. ഇത് കണ്ടപ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മുൻകൂട്ടി കാണാനാകാത്ത ചില പ്രശ്‌നങ്ങൾ എന്ന ധാരണയാണ് എന്റെ മനസിലേക്കെത്തിയത്. അതിനാൽ ഞാൻ അന്നു തന്നെ വിശദാംശങ്ങൾ തേടി താങ്കൾക്ക് കത്ത് നൽകുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു.

'അടിയന്തിരമായി സഭ ചേരേണ്ട സാഹചര്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിലൂടെ ഇപ്പോൾ സംസ്ഥാനത്ത് പ്രത്യേകമായി ഉണ്ടായ അടിയന്തിര സാഹചര്യം മനസിലാക്കാനാണ്. അല്ലാതെ പൊതു സാഹചര്യം അറിയാനല്ല. അതല്ല കേരളത്തിലെ കർഷകർ എന്തെങ്കിലും അടിയന്തിര പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ എന്ത് പരിഹാരമാണ് കാണാൻ ഉദ്യേശിക്കുന്നത് എന്നാണ് അറിയേണ്ടത്.'

ഈ കത്തിനുള്ള മറുപടിയിലും സഭ ചേരേണ്ടതിന്റെ കാരണം താങ്കൾ ഭാഗികമായേ വിശദീകരിച്ചുള്ളൂ. ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തെപ്പറ്റിയാണ് ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞതോടെ അത് താങ്കളുടെ അധികാര പരിധിയിൽ വരുന്നതോ താങ്കൾക്ക് ഏതെങ്കിലും തരത്തിൽ പരിഹാരം കാണാൻ സാധിക്കുന്നതോ അല്ലെന്നും വ്യക്തമായി. ഈ കത്തിലും സഭ 24 മണിക്കൂറിനുള്ളിൽ അടിയന്തിരമായി ചേരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നില്ല. കർഷക പ്രക്ഷോഭം സംബന്ധിച്ചാണെങ്കിൽ അത് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ജൂൺ മാസം മുതൽ നടന്നു വരുന്നതാണ്.

ഡൽഹിയിലെ പ്രക്ഷോഭമാകട്ടെ ഒരു മാസമായും നടക്കുന്നു. 2021 ജനുവരി 8ന് സഭ വിളിച്ചു ചേർക്കാൻ മന്ത്രിസഭ ശുപാർശ ചെയ്ത ഡിസംബർ 17 നും അതിന് ഞാൻ അനുമതി നൽകിയ ഡിസംബർ 21 നും ഇടയിൽ ജനുവരിയിലെ സമ്മേളനം റദ്ദാക്കി ഡിസംബർ 23 ന് അടിയന്തിരമായി സഭ കൂടേണ്ട എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടായതെന്നാണ് എനിക്ക് അറിയേണ്ടത്. ഈ ചോദ്യത്തിന് താങ്കൾ ഉത്തരം നൽകിയില്ലെന്ന് മാത്രമല്ല അത് അവഗണിക്കാനാണ് ശ്രമിച്ചത്.

പെട്ടെന്നുണ്ടാകുന്ന അല്ലെങ്കിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗുരുതരമായ ഒരു സംഭവത്തെയാണ് നിയമപരമായി അടിയന്തിര സാഹചര്യം എന്ന് പറയുന്നത്. ഈ മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന എന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ 23 -ാം തിയതി ഒരു മണിക്കൂർ സഭ ചേരാൻ താങ്കൾ തീരുമാനിച്ചിരിക്കുന്നു എന്നാണ് മാധ്യമങ്ങളിലൂടെ ഞാൻ അറിഞ്ഞത്. എന്റെ സംശയം ഭരണഘടനാപരമായ ഒന്നായിരുന്നില്ല. ചട്ടങ്ങൾ അനുസരിച്ച് ചേരാൻ പോകുന്ന സഭാ സമ്മേളനത്തെപ്പറ്റിയും ആയിരുന്നില്ല.

ഈയടുത്ത് കേരളാ പൊലീസ് നിയമത്തിൽ താങ്കൾ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നു. അത് ഒപ്പിടാനായി എനിക്ക് അയച്ചു തന്നെങ്കിലും താങ്കൾ അത് പിൻവലിക്കുമെന്ന പ്രതീക്ഷയിൽ മൂന്ന് ആഴ്ചയോളം ഞാൻ ഒപ്പിടാതെ മാറ്റി വെച്ചിരുന്നു. അവസാനം ഞാൻ ഒപ്പിട്ടെങ്കിലും പ്രതിഷേധം ശക്തമായതോടെ താങ്കൾ അത് ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കുകയാണുണ്ടായത്. അതേ പോലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണ്ണയം സംബന്ധിച്ച ഓർഡിനൻസ് ഒപ്പിടാൻ താങ്കൾ എനിക്ക് അയച്ചു തന്നിരുന്നു. എന്നാൽ അത് ഞാൻ അംഗീകരിച്ചില്ല. അതിൽ താങ്കൾ അസന്തുഷ്ടനായിരുന്നു എന്നും എനിക്കറിയാം. നിയമസഭയിൽ അത് പാസായെങ്കിലും ഗവർണ്ണർ ഒപ്പിടുമോ എന്ന് കാര്യം സംശയമാണെന്ന് ഒരു മന്ത്രി ആശങ്കപ്പെട്ടെങ്കിലും ഞാൻ ഉടൻ തന്നെ അത് ഒപ്പിട്ടു നൽകുകയും അത് നിയമമാവുകയും ചെയ്തു.

എന്നാൽ അത് നടപ്പാക്കാനാകില്ല എന്ന് മനസിലായതോടെ ആ ബിൽ പിൻവലിക്കാൻ താങ്കൾ വീണ്ടും എന്നോട് ആവശ്യപ്പെട്ടു. ഉടൻ തന്നെ ഞാൻ അത് ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ ഗവർണ്ണറോട് ഉപദേശം തേടുകയും സർക്കാർ തീരുമാനങ്ങൾ വ്യക്തമായി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്യുക എന്നത് താങ്കളുടെ ഭരണഘടനാ ബാധ്യത ആണെന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ? എന്നാൽ താങ്കൾ ചില വിവരങ്ങൾ മാത്രം തരികയും അതേപ്പറ്റി വിശദീകരണം തേടുമ്പോൾ ഇത്തവണത്തെപ്പോലെ ചില ഗുരുതരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുണ്ട് എന്ന തരത്തിലുള്ള അവ്യക്തമായ പ്രയോഗങ്ങളുടെ മറ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തവണയും താങ്കളുടെ അപേക്ഷ നിരസിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പക്ഷേ താങ്കൾ ഞാൻ ഉന്നയിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് മാത്രമല്ല ഞാൻ ഉന്നയിക്കാത്ത അനാവശ്യ കാര്യങ്ങളിലേക്ക് ഇതിനെ എത്തിക്കുകയാണ് ചെയ്തത്. ഇന്നലെ അതായത് 22.12.2020 ൽ വൈകിട്ട് 7 മണിയോടെ താങ്കളുടെ ഓഫീസിൽ നിന്ന് എന്റെ ഒ.എസ്.ഡിയെ ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇപ്പോൾ അയക്കുന്ന കത്ത് ഗവർണ്ണർ അല്ലാതെ മറ്റാരും തുറക്കരുത് എന്ന് ആവശ്യപ്പെട്ടു. 'രഹസ്യം' എന്ന് രേഖപ്പെടുത്തിയ കവർ ഞാൻ തന്നെ തുറന്ന് വായിക്കുകയും ചെയ്തു. പക്ഷേ ഞാൻ വായിച്ചു കൊണ്ടിരുന്ന കത്തിന്റെ വിശദാംശങ്ങൾ 'കൈരളി' ചാനലിന്റെ വാർത്താ അവതാരകൻ വായിക്കുന്നു എന്ന് വേദനയോടെയാണ് ഞാൻ അറിഞ്ഞത്.

കോവിഡ് മഹാമാരിയെ നേരിടാൻ താങ്കളും മന്ത്രിമാരും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ചിട്ടുള്ളയാളാണ് ഞാൻ എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ? ഞാൻ കോവിഡ് ബാധിതനായപ്പോൾ താങ്കൾ കാണിച്ച കരുതൽ നന്ദിയോടെ ഓർക്കുകയാണ്. താങ്കളോട് ബഹുമാനത്തോടെയാണ് ഞാൻ ഇടപെടുന്നത്. താങ്കളുടെ അല്ലെങ്കിൽ എന്റെ തന്നെ സർക്കാരിനോട് ഏറ്റുമുട്ടലിന്റെ പാത ഞാൻ സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം നിയമസഭയെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ ഞാൻ താങ്കളോട് പറഞ്ഞ ചില കാര്യങ്ങൾ അനുസ്മരിക്കട്ടെ. 'താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്കറിയാം. ഞാൻ സങ്കുചിത ചിന്താഗതി ഇല്ലാത്ത സംഘടിത മത ആശയങ്ങൾ സ്വീകരിക്കാത്ത ഒരു വിശ്വാസിയുമാണ്. എന്നാൽ മതശാസനകളെ അറിവിന്റെ സങ്കേതങ്ങളായാണ് ഞാൻ കണക്കാക്കുന്നത്. അന്ന് ഞാൻ ഭഗവദ്ഗീതയിലെ ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്തിരുന്നു. അത് ഇതാണ്.'


'ശ്രേയാൻ സ്വധർമ്മോ വിഗുണ:
പരധർമാത്സ്വനുഷ്ഠിതാത്
സ്വധർമേ നിധനം ശ്രേയ:
പരധർമ്മോ ഭയാവഹ:'

അതായത് ഒരുവന്റെ സ്വന്തം കർത്തവ്യം അത് തെറ്റായ രീതിയിൽ കൂടിയാണെങ്കിലും നിറവേറ്റുന്നത് അന്യന്റെ കർമ്മം എത്ര ഭംഗിയായി ചെയ്യുന്നതിലും ശ്രേഷ്ഠമാണ്. സ്വന്തം കടമകൾ നിർവഹിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതോ മരണപ്പെടുന്നതോ പോലും, അപരന്റെ കടമ നിർവഹിക്കാൻ ശ്രമിക്കുക എന്ന അപകടകരമായ ഉദ്യമത്തേക്കാൾ എത്രയോ ശ്രേഷ്ഠമാണ്. ഇത് സിഎഎ വിവാദം കത്തിനിൽക്കുന്ന സമയത്തായിരുന്നു. നമ്മുടെ കർത്തവ്യങ്ങൾ വ്യത്യസ്തമാണ്.

പൊതു നന്മയ്ക്കായി സർക്കാരിനെ നയിക്കുക എന്നതാണ് ഒരു സജീവ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ താങ്കളുടെ കർത്തവ്യം. രാജ്യത്തെ നിയമം അനുസരിച്ചാണോ സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ് ഗവർണ്ണർ എന്ന നിലയിൽ എന്റെ ദൗത്യം. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മാതൃരാജ്യമായ ഭാരതത്തെ സേവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും നാം തമ്മിലുള്ള പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചും ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാതെയും മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

ആശംസകളോടെ

ആരിഫ് മുഹമ്മദ് ഖാൻ.