തേഞ്ഞിപ്പാലം: വിദ്യാർത്ഥി സംവാദ പരിപാടിയിൽ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തര നിർദ്ദേശം ആരും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന കിറ്റിൽ മാസ്‌കും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാൻ നിർദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാലിക്കറ്റ് സർവകലാശാലയിലെ സംവാദപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ചില കുട്ടികൾ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്‌ക് പാടില്ല എന്ന പ്രചരണം ഇങ്ങനെ ഉണ്ടായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തിൽ മാധ്യമങ്ങൾ നിൽക്കേണ്ടെന്നത് തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിദ്യാർത്ഥിയോട് ക്ഷുഭിതനായെന്ന പ്രചാരണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.