തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളിൽ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസിന് അവരുടേതായ പരിശോധനാ രീതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് പരിശോധനാ രീതികളെ കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു മിന്നൽ പരിശോധനയെ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്.

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം പരിശോധനയെന്നും അതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോർട്ട് ശരിയാണ് എന്ന കണ്ടാൽ യൂണിറ്റ് മേധാവികൾ സോഴ്സ് റിപ്പോർട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പൊലീസ് സൂപ്രണ്ട് വഴി മിന്നൽ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലൻസ് ആസ്ഥാനത്തേക്ക് അയക്കും. വിജിലൻസ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കിൽ മിന്നൽ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നൽകും ഇതാണ് രീതി. മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിന്നൽ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുള്ള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലൻസ് ഉദ്യോഗസ്ഥനും ചേർന്ന് ജോയിന്റ് മഹസ്സർ തയ്യാറാക്കും അതിൽ ഈ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളിൽ വിജിലൻസിന്റെ ഉദ്യോഗസ്ഥൻ തുടർപരിശോധനകൾ നടത്തി റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്ത് സമർപ്പിക്കും. മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരേ ഇന്റേണൽ ഓഡിറ്റ്, ഇന്റേണൽ വിജിലൻസ് എൻക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കിൽ വിജിലൻസ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നൽ പരിശോധന കഴിഞ്ഞ് അവർ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാർശയോടെ സർക്കാരിന് നൽകുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ നടക്കുന്ന ആദ്യ പരിശോധനയല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി 2019-ൽ 18 പരിശോധനകൾ നടന്നിട്ടുണ്ടെന്നും 2020 ൽ കോവിഡ് 19 കാരണം 7 പരിശോധനകളാണ് നടന്നതെന്നും അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ കാര്യത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് അവർ കണ്ടെത്തി. അത് സാമ്പത്തിക നിലയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായി. ഇതിന്റെ ഭാഗമായി 2020 ഒക്ടോബർ 19-ന് വിജിലൻസിന്റെ മലപ്പുറം യൂണിറ്റ് ഡിവൈഎസ്‌പി കണ്ടെത്തിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഒക്ടോബർ 27-ാം തിയതി സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന തല മിന്നൽ പരിശോധന നടന്നാൽ നന്നായിരിക്കുന്നമെന്ന് കോഴിക്കോട് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിജിലൻസ് ആസ്ഥാനത്തേക്ക് സോഴ്സ് റിപ്പോർട്ട് അയച്ചുനൽകുകയുമാണ് ഉണ്ടായത്.

രഹസ്യാന്വേഷണം വിഭാഗം ഈ സോഴ്സ് റിപ്പോർട്ട് പരിശോധിച്ച ശേഷം നവംബർ പത്തിന് വിജിലൻസ് ഡയറക്ടർ സംസ്ഥാനതല പരിശോധനയ്ക്കായി ഉത്തരവ് നൽകുന്നത്. വിജിയലൻസ് ഡയറക്ടർ തന്നെയാണ് ഇതിന് ഉത്തരവ് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിന് ശേഷം നവംബർ 27-ന് തിരഞ്ഞെടുത്ത 40 കെ.എസ്.എഫ്.ഇ ശാഖകളിൽ മിന്നൽ പരിശോധന നടത്തുകയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായുള്ള റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് അത് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന്റെ നടപടിക്കായി അയച്ചുതരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ചിട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളിൽ പരിശോധന നടത്താനെത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു. ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടർന്ന് ബ്രാഞ്ചുകളിൽ കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച കണ്ടെത്താനായില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

ഗൗരവകരമായ വീഴച് ഒരു ബ്രാഞ്ചിൽ പോലും കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതല്ലാത്ത എന്തെങ്കിലും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിൽ അവരക്കാര്യം അറിയിക്കട്ടെ. ആ സന്ദർഭത്തിൽ അതിൽ പ്രതികരിക്കാമെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.