കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എതിർപ്പുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. കൊച്ചിയിൽ സംഘടിപ്പിച്ച 'ജനസമക്ഷം സിൽവർലൈൻ' പരിപാടിയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ഇന്നുള്ള അവസ്ഥയിൽ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സർക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകൾ എതിർത്തു എന്നതുകൊണ്ടു മാത്രം സർക്കാർ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സർക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയിൽ നിന്നു നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജന ജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സർക്കാരും ചെയ്യേണ്ടത്. സർക്കാരിൽ അർപ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കിൽ സ്വാഭാവികമായും ജനങ്ങളാകെ സർക്കാരിനെ കുറ്റപ്പെടുത്തും. ഏതാനും ചിലരുടെ എതിർപ്പിനു മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമം. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സർക്കാർ ഉത്തരാവിദത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി നാടിനാവശ്യമാണ്. അതുകൊണ്ട തന്നെ നമ്മുടെ നാടിന്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണം. അതല്ല ഇപ്പോൾ ഇത് പറ്റില്ല എന്ന നിലയിലാണ് ആണെങ്കിൽ ഇപ്പോഴല്ലെങ്കിൽ എപ്പോൾ നമ്മൾ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോൾ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ മാർക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നൽകും.

പട്ടണങ്ങളിൽ രണ്ടിരട്ടിയും നൽകും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നൽകും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈന്മെന്റ് നിശ്ചയിച്ച് അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റ ഫലമായുണ്ടാകുന്ന ആഘാതങ്ങൾ ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തിൽ പദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.

63,941 കോടി രൂപയാണു സിൽവർലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ചു വർഷംകൊണ്ടാണു ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകും. 2025ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി അഞ്ചു പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവൃത്തി നടക്കും. രണ്ടു വർഷംകൊണ്ടു ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകണം. തുടർന്നുള്ള മൂന്നു വർഷംകൊണ്ടു പദ്ധതിയുടെ നിർമ്മാണവും പൂർത്തിയാക്കണം.

സിൽവർ ലൈൻ പരിസ്ഥിതിക്കു വലിയ ദോഷമുണ്ടാക്കുമെന്ന ചിലരുടെ പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ മറുന്നുള്ള വികസനമല്ല സിൽവർ ലൈനിൽ സർക്കാർ ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന ഗതാഗതം റെയിൽ ആണ്. ഇതുമാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യമൃഗ സങ്കേതങ്ങളിലൂടെയും കെറെയിൽ കടന്നുപോകുന്നില്ല. ഒരു ജലസ്രോതസിന്റെയും സ്വാഭാവിക ഒഴുക്കിനു തടസമുണ്ടാക്കുന്നില്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും 88 കിലോമീറ്റർ തൂണുകളിലൂടെയാണു പാത കടന്നുപോകുന്നത്. ഇവിടെയും യാതൊരു പരിസ്ഥിതി പ്രശ്നവുമുണ്ടാകില്ല. സിൽവർ ലൈൻ വരുന്നതോടെ 2,80,000 ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാനാകും. ചരക്കു വാഹനങ്ങൾ കടത്തിക്കൊണ്ടുപോകാൻ റോ റോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതു ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ വലിയ കുറവുണ്ടാക്കും. 500 കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങളുടെ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ.