പത്തനംതിട്ട: വൈദ്യുതി മന്ത്രി എംഎം മണിക്ക് പിന്നാലെ ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും. തുടർച്ചയായി സർക്കാരിനെ വിമർശിക്കുന്നതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്. അത്തരത്തിൽ നാട്ടിൽ പ്രതികരണമുണ്ട്. ഇക്കാര്യം സുകുമാരൻനായരും മനസ്സിലാക്കുന്നതാണ് നല്ലത്. തനിക്ക് എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല. സർക്കാരിനും എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് ഒരു പ്രത്യേക തരത്തിൽ പെരുമാറ്റം വരുന്നതെന്ന് നാട്ടിൽ അഭിപ്രായമുണ്ട്. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. നിങ്ങളിൽ പലർക്കും അദ്ദേഹവുമായി സൗഹൃദമുള്ളവരുണ്ടല്ലോ എന്നും സുകുമാരൻനായരുടെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങളെല്ലാം സുഗമമായി പോകുകയാണ്. ശബരിമല കേസ് ഇപ്പോൾ സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. കേസിൽ വിശാല ബെഞ്ചിന്റെ വിധി വരട്ടെ. അപ്പോൾ മാത്രമാണ് ഇക്കാര്യം തുടർന്ന് ആലോചിക്കേണ്ടത്.

അത്തരത്തിൽ വിധി വരുമ്പോൾ തുടർനടപടി സ്വീകരിക്കേണ്ടത് സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനത്തിൽ ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും ചിലർ ശബരിമല, ശബരിമല എന്നു പറഞ്ഞു നടന്നിട്ട് എന്തായി എന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണെന്ന വിമർശനമാണ് വൈദ്യുതി മന്ത്രി എം എം മണി ഉന്നയിച്ചത്. എൻ എസ് എസിന്റെ നിലപാട് യു ഡി എഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോൾ. കോടതിയുടെ വിധി വന്നതിന് ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. സർവ്വകക്ഷി യോഗം ചേർന്ന് കൂട്ടായ ആലോചനയ്ക്ക് ശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക. അതുവരെ വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു. അതേസമയം വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എൽ.ഡി.എഫ് വീഴ്ച വരുത്തിയില്ലെന്നും എം.എ ബേബി പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻ.എസ്.എസുമായി തർക്കത്തിനില്ല. എൻ.എസ്.എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമദൂരം ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്തുണക്കുമെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടില്ല. എൻ.എസ്.എസിന്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെയെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലപാട് തങ്ങൾക്ക് അനുകൂലമാക്കാൻ പലരും ശ്രമിക്കുകയാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്നാണ് സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചിരുന്നത്. അതേസമയം, വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് എതിരായ നിലാപാടാണ് എൻ.എസ്.എസ് സ്വീകരിച്ചു വരുന്നത്.