തിരുവനന്തപുരം: മലയാളിയായ വനിതാ കൊമേഷ്യൽ പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെയാണ് ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് ജെനി തന്റെ കന്നിപ്പറക്കൽ നടത്തിയത്. എയർ അറേബ്യ വിമാനത്തിന്റെ കോ പൈലറ്റായിരുന്നു ഈ കൊച്ചുതുറ സ്വദേശിനി.

സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കൽ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ അഭിമാനമായി മാറിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്.

സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.

പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.