കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. കട്ടൗട്ടിന്റെ തല വെട്ടിമാറ്റി. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ധർമ്മടം. തലശ്ശേരി മണ്ഡലത്തിന്റെയും പഴയ എടക്കാട് മണ്ഡലത്തിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് 2008 ലാണ് ധർമ്മടം മണ്ഡലം രൂപീകൃതമാവുന്നത്. എടക്കാട്, തലശേരി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാൻ സാധിച്ചുന്നു. 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെകെ നാരായണൻ ആയിരുന്നു സിപിഎമ്മിന് വേണ്ടി ജനവിധി തേടിയത്. അന്ന് കോൺഗ്രസിലെ മമ്പറം ദിവാകരനെതിരെ 15162 വോട്ടുകൾക്ക് കെകെ നാരായണൻ വിജയിച്ചു. നാരായണന് 72354 വോട്ടുകൾ ലഭിച്ചപ്പോൾ, മമ്പറം ദിവാകരന് നേടാൻ സാധിച്ചത് 57192 വോട്ടുകൾ മാത്രം. ബിജെപി സ്ഥാനാരത്ഥിയായ സിപി സംഗീതയക്ക് ലഭിച്ചത് കേവലം 4963 വോട്ട് മാത്രമായിരുന്നു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കാൻ എത്തി. കോൺഗ്രസ് ഇത്തവണയും മമ്പറം ദിവാകരന് അവസരം നൽകി. എന്നാൽ 2011 ലേതിനേക്കാൾ ഭൂരിപക്ഷം ഇരട്ടിയാക്കി പിണറായി വിജയൻ ധർമ്മടത്ത് നിന്നും വിജയിച്ച് കയറി കേരള മുഖ്യമന്ത്രിയായി. മമ്പറം ദിവാകരനെതിരെ 36905 വോട്ടിനായിരുന്നു പിണറായിയുടെ വിജയം. ഇത്തവണ കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭനാണ് പ്രധാന എതിർ സ്ഥാനാർത്ഥികൾ.