തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവെ ഗൗരവക്കാരനും, കർക്കശക്കാരനുമാണെന്ന് പൊതുധാരണ. ചിലപ്പോഴൊക്കെ ചിരിക്കുകയും, നർമം ആസ്വദിക്കുകയും ചെയ്യുമെങ്കിലും മുഖത്ത് സദാ കടുപ്പക്കാരനായ കാരണവരുടെ ഭാവമാണ്. സ്വന്തം പാർട്ടിക്കാർ പോലും അകന്നുനിന്ന് ആരാധിക്കുന്ന ഒരുരാഷ്ട്രീയശൈലി. 'സഭ ടിവി'യുടെ ആദ്യത്തെ പരിപാടിയായ 'സെന്റർ ഹാളിൽ' പങ്കെടുക്കവേ, പിണറായി വിജയൻ തന്നെ ഈ പൊതുധാരണകളെ കുറിച്ച് സംസാരിച്ചു. ഒപ്പം ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളും. എംഎൽഎ വി ഡി സതീശൻ, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് എന്നിവരാണ് ചോദ്യങ്ങൾ ഉതിർത്തത്. വി.ഡി.സതീശൻ ഒരുപക്ഷേ ഇതാദ്യമായാവാം പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യുന്നത്. സതീശൻ തന്നെയാണ് മുഖ്യമന്ത്രി ഒരു കാർക്കശ്യക്കാരനാണെന്ന് പൊതുവെ കരുതുന്നു എന്ന വിഷയം എടുത്തിട്ടത്.

'ഞാനൊരു സാധാരണ മനുഷ്യനാണ്. എന്നാൽ കർശനമായി പറയേണ്ട കാര്യങ്ങൾ കർശനമായി തന്നെ പറയും. ദൃശ്യമാധ്യമങ്ങളോട് ഇടപെടേണ്ട സന്ദർഭമുണ്ടായപ്പോൾ ചില കാര്യങ്ങളിൽ പരുഷമായി സംസാരിക്കേണ്ടി വന്നതാണ്. ഇത്തരത്തിൽ പറഞ്ഞ കാര്യങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വന്നപ്പോൾ ഉണ്ടായ പ്രതിച്ഛായയാണ് അത്.' സംസ്ഥാനതലത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് അങ്ങനെ ഒരു കാര്യം കൂടുതൽ മാധ്യമങ്ങളിലും മറ്റും വന്നത്. ചിരിക്കുന്ന കാര്യം പറഞ്ഞാൽ രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട് എന്നും ചിരിച്ചുകൊണ്ടിരിക്കുന്നവരും, ആവശ്യത്തിന് ചിരിക്കുന്നവരും ഇതിൽ രണ്ടാം വിഭാഗത്തിൽ വരുന്നതാണ് ഞാനെന്ന് പിണറായി പറഞ്ഞു. ചെറുപ്പത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.

അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രതക്കുറവോ?

മുഖ്യമന്ത്രിയായി ചുമതലയേറ്റ നാളിൽ പിണറായി വിജയൻ പറഞ്ഞ ഒരുകാര്യം മാധ്യമങ്ങൾ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ അവതാരങ്ങളെ സൂക്ഷിക്കണമെന്നും അത്തരക്കാരെ അകറ്റി നിർത്തുമെന്നുമായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കർ ആരോപണവിധേയനാവുകയും, പുറത്തുപോവുകയും ചെയ്തപ്പോൾ അവതാരങ്ങളെ കുറിച്ച് വീണ്ടും ചർച്ചയായി.

തന്റെ അനുഭവത്തിൽ ഒരു അവതാരവും തന്റെ ഓഫീസിൽ ഇടപെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കാൻ ജാഗ്രത കുറവുണ്ടായോ എന്നതാണ് വിഡി സതീശൻ ചോദിച്ചത്അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല. സ്വർണ്ണക്കള്ളക്കടത്ത് സംബന്ധിച്ചാണ് ചോദ്യം, അത് പ്രത്യേക സാഹചര്യമാണ്. അത് നടക്കാൻ പാടില്ല. സാധാരണ വഴിയിൽ അല്ല അത്. ആ വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്.

സാധാരണ വഴിയിൽ അല്ല അത്. ആ വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസി തന്നെ പറഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയ വത്കരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി പ്രചരണങ്ങൾ നടന്നു. പിന്നീട് വിവാദ വനിതയുമായി ബന്ധമുള്ള സെക്രട്ടറി ശിവശങ്കരനെ മാറ്റി നിർത്തി. ഇത് മാത്രമേ ആ ഘട്ടത്തിൽ ചെയ്യാൻ സാധിക്കൂ. ഓഫീസിന്റെ കാര്യത്തിൽ തെറ്റായ രീതി ഉണ്ടായോ, അന്നുവരെ ഉണ്ടായിരുന്നില്ല. പിന്നീട് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിച്ചപ്പോൾ വിവാദ വനിതയുടെ നിയമനത്തിൽ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി. ഇതോടെയാണ് ശിവശങ്കരനെ സസ്‌പെന്റ് ചെയ്തത്.

ഇത്തരം വിവാദങ്ങൾ രണ്ട് തരത്തിലുണ്ട്. രണ്ട് തരത്തിൽ വിവാദങ്ങളുണ്ട് ഒരു തെറ്റായ കാര്യത്തിന് മുകളിൽ ഉയർന്നുവരുന്നതും, സൃഷ്ടിക്കപ്പെടുന്നതും. ഭവനയിലൂടെ സൃഷ്ടിക്കുന്ന പ്രചരണങ്ങൾ എന്റെ കാര്യത്തിൽ ഏറെ അനുഭവിച്ചതാണ്. അത് എനിക്ക് വിഷമം ഉണ്ടാക്കിയിട്ടില്ല. കാരണം എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നതിനാൽ കുറ്റബോധം ഉണ്ടാകില്ല. എന്തെങ്കിലും കുറ്റം ചെയ്ത കാര്യമാണ് പറയുന്നെങ്കിൽ ആകെ ഉലഞ്ഞു പോകും.

വിവാദങ്ങളിൽ പതറിയിട്ടില്ല

വിവാദങ്ങളിൽ പതറിപ്പോയിട്ടുണ്ടോന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ചോദിച്ചു. സാധാരണനിലക്ക് ആളുകൾക്ക് വിഷമമുണ്ടാകും, എനിക്കൊരു വിഷമവുമിതുവരെ ഉണ്ടായിട്ടില്ല കാരണം ഏതെങ്കിലുമൊരു തെറ്റിന്റെയൊരംശമെങ്കിലും എന്നിലുണ്ടങ്കിലല്ലെ ഞാൻ വിവാദങ്ങളിൽ വിഷമിക്കേണ്ടതുള്ളൂയെന്ന് പിണറായി പറഞ്ഞു.

കുറച്ച് കുറച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സംസ്‌കാരം മാറുകയാണ്. മുൻപ് നേരെ നേരെ എതിർക്കും. അതിൽ നിന്നും മാറി ഇപ്പോൾ കഥകൾ മെനഞ്ഞ്, കുടുംബത്തെ ഉൾപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ. അത് മോശമായ വശമാണ് രാഷ്ട്രീയം ആ രീതിയിലേക്ക് മാറരുത്. അപ്പോഴും ഇത്തരം ഒരു വിഷയം വന്നാൽ അത് എന്നെ ഉലയ്ക്കില്ല. പകരം ഞാൻ എന്റെ ധർമ്മം നിർവഹിച്ച് മുന്നോട്ടുപോകും. അതിൽ മാത്രമാണ് ശ്രദ്ധ.

ദുരന്തങ്ങൾ നൽകിയ പാഠം

കേരരളത്തിലെ മുഖ്യമന്ത്രിമാർക്ക് നേരിടേണ്ടി വന്നതിനെക്കാൾ ദുരന്തങ്ങൾ നേരിട്ട് വന്നയാളെന്ന നിലയിൽ ഇത് നൽകുന്ന പാഠങ്ങൾ എന്തൊക്കെ എന്നതായിരുന്നു തോമസ് ജേക്കബിന്റെ ചോദ്യം, മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ - നമ്മുടെ നാട് ഒരു പ്രത്യേക നാടാണ്. അത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഏത് ദുരന്തത്തെയും നേരിടാനുള്ള ഊർജ്ജം ലഭിക്കുന്നത് നാട്ടുകാരിൽ നിന്ന് തന്നെയാണ്. അവർ ഒറ്റക്കെട്ടയാണ് ഇത് നേരിടുന്നത്. പ്രളയഘട്ടത്തിൽ മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും ഇറങ്ങിയത് ഓർക്കണം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമായില്ല. ഇതിന്റെ ബലത്തിൽ എന്തിനെയും നേരിടാം എന്നത് തന്നെയാണ് നൽകുന്ന പാഠം. കോവിഡിനെ നേരിടുന്ന സമയത്ത് രോഗ ബാധിതയായ നേഴ്‌സ് രേഷ്മ പിന്നീട് രോഗം മാറി വീണ്ടും കോവിഡ് വാർഡിൽ ജോലിക്കെത്തിയത് മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.