തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമർശനം. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. വി സി നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കണ്ണൂർ സർവകലാശാല വി സിയുടെ പുനർ നിയമനം സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി.

വി സി നിയമനത്തിനെതിരായ ഹരജി ഹൈക്കോടതി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാനാണ് സിപിഎം നീക്കം. എന്നാൽ, നാളെ തന്നെ ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹരജിക്കാർ. അതേസമയം, വി സിയുടെ നിയമിക്കണമെന്ന് കത്ത് നൽകിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ലോകായുക്തയെ സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല.

കണ്ണൂർ സർവകലാശാല വി സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്. അതേസമയം, വി സിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത് സർക്കാറിന് ആശ്വാസം നൽകുന്നുണ്ട്.

മന്ത്രിസഭായോഗത്തിൽ പിണറായി നടത്തിയ ഈ വിമർശനം സിപിഎം നേതാക്കൾ ഇനി കൂടുതൽ ശക്തമാക്കും. ഇന്ന് കോടതി എതിർത്തെങ്കിൽ കണ്ണൂർ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവർണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അതേസമയം, ഇന്നത്തെ ആശ്വാസം നാളത്തെ തിരിച്ചടിയാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്.

ഇന്ന് കോടതിയിൽ തുണയായത് നിയമനം ഗവർണർ അംഗീകരിച്ചതാണെങ്കിൽ ഇപ്പോൾ നിയമനം ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവർണർ. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ വെളിപ്പെടുത്തലും വിസിയെ പുനർനിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് നടപടി. കേസിൽ സുപ്രധാനമായ ഈ തെളിവുകളുമായി ഹർജിക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് പോകുമ്പോൾ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാൻ സാധ്യത ബാക്കിയുണ്ട്.

സർക്കാർ ആശ്വസിക്കുമ്പോൾ മന്ത്രി ആർ ബിന്ദുവിന്റെ രാജിയിലേക്ക് വിവാദം കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യം. ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല. സർക്കാറിനൊപ്പം സമ്മർദ്ദത്തിന് വഴങ്ങിയതിന് ഗവർണറെയും വിമർശിക്കുന്നു യുഡിഎഫ്.