തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനായ ഞാൻ.. എന്നു തുടങ്ങി സത്യപ്രതിജ്ഞ ചൊല്ലിയ പിണറായി സഗൗരവ പ്രതിജ്ഞയാണ് ചൊല്ലിയത്.

സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവർണർ പൂച്ചെണ്ടു സമ്മാനിച്ച് ആശംസകൾ നേർന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയിലെ കെ രാജനായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് കേരളാ കോൺഗ്രസിൽ നിന്നും റോഷി അഗസ്റ്റിനാണ് സത്യപ്രതജ്ഞ ചെയ്തത്. റോഷി ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ. കൃഷ്ണൻകുട്ടി ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

പിന്നാലെ എത്തിയ എ കെ ശശീന്ദ്രൻ ദൃഢപ്രതിജ്ഞ ചെയ്തപ്പോൽ ഐഎൻഎല്ലിൽ നിന്നുമെത്തിയ അഹമ്മദ് ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആന്റണി രാജു ദൈവനാമത്തിൽ സത്യപ്രതിജ്ഞയും ചെയ്തു. ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദൻ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തുടർന്ന് രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചു.

കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമർപ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ്. മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യമാണ്. സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. മൺമറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വർമ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.