യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെ താനൂർ മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്‍ലിം ലീഗ് നിയോ​ഗിച്ചതിന് പിന്നാലെ മണ്ഡലത്തിൽ വരവറിയിച്ച് പി കെ ഫിറോസ്. മുസ്ലിം യൂത്ത് ലീ​ഗ് പുറത്തിറക്കിയ സ്റ്റൈലൻ ബുള്ളറ്റ് വീഡിയോയുമായാണ് പി.കെ ഫിറോസ് വരവറിയിച്ചത്. 'അവൻ വരുന്നു, താനൂർ തിരിച്ചുപിടിക്കാൻ, വോട്ട് ഫോർ പി.കെ ഫിറോസ്' എന്നാണ് വീഡിയോയുടെ ഉള്ളടക്കം. ബുള്ളറ്റ് ഓടിച്ച് സ്റ്റൈലനായാണ് പി.കെ ഫിറോസ് വീഡിയോയിൽ വരുന്നത്. സമൂഹ മാധ്യമങ്ങൾ വലിയ രീതിയിൽ തന്നെയാണ് വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

നിലവിലെ എംഎൽഎ വി അബ്ദുറഹ്മാൻ തന്നെയാണ് ഇത്തവണയും ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. ഇടത് സ്വതന്ത്രനായാണ് വി അബ്ദുറഹ്മാൻ മണ്ഡലത്തിൽ മൽസരിക്കുന്നത്. ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും സീതി സാഹിബും ജയിച്ചുവന്ന താനൂർ മണ്ഡലത്തിലെ മൽസരം ലീഗിന് അഭിമാന പോരാട്ടം തന്നെയാകും. കഴിഞ്ഞ തവണ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ മൂന്നാമങ്കത്തിലാണ് ലീഗിന് മണ്ഡലം കൈവിട്ടത്.

ഇതിന് മുമ്പ് തൃത്താല മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം വൈറലായിരുന്നു. രജനീകാന്തിന്റെ കാലാ സിനിമയുടെ ബിജിഎം നൽകിയാണ് രാജേഷിന്റെ വീഡിയോ നിർമ്മിച്ചിട്ടുള്ളത്. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്നതാണ് പുറത്തിറങ്ങിയ വീഡിയോ.