കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലീഗ് നേതാക്കൾക്കും കണ്ടാലറിയുന്ന 10,000 പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്. പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമർശം നടത്തുകയും ചെയ്തതയും പരാതി ഉയർന്നിരുന്നു. വെള്ളയിൽ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ശാഖാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

അതേസമയം, വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ. ഫിറോസ് രംഗത്തെത്തി. കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ് എന്നായിരുന്നു ഫേസ്‌ബുക്ക് കുറിപ്പ്.

ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്. ഞങ്ങൾക്കതൊരു പ്രശ്‌നമല്ല.
(കണ്ണൂർ പ്രസംഗത്തിന്റെ ടോണിൽ വായിക്കുക)

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിവാദത്തിൽ മുസ്ലിം ലീഗ് പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ചത്. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാൻ ഉള്ളത് അത് ചെയ്ത് കാണിക്കാമെന്നും ഞങ്ങൾക്ക് അതൊരു പ്രശ്നമല്ലന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗ് തന്നെ തീരുമാനിക്കണം.

വഖഫ് വിഷയത്തിൽ മതസംഘടനകൾക്ക് എല്ലാം മനസ്സിലായി. ലീഗുകാർക്ക് മാത്രമാണ് മനസ്സിവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.വഖഫ് ബോർഡിലെ പിഎസ് സി നിയമനം കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. അന്ന് ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ യുഡിഎഫ് ബിജെപി കൂട്ടികെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താനും വികസന പദ്ധതികളെല്ലാം എതിർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.