ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് എതിരേ ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്' (Sunrise Over Ayodhya: Nationhood In Our Times) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും പ്രചാരണവും വിൽപനയും തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പുസ്തകമാണ് 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്'. പുസ്തകത്തിൽ 'ഹിന്ദുത്വ'യെ തീവ്രവാദ സംഘങ്ങളായ ഐ എസ്, ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

പുസ്തകം പൊതുസമാധാനം തകരാൻ കാരണമാകുമെന്നും സമാധാനം നിലനിർത്തേണ്ടത് എല്ലാ വ്യക്തികളുടെയും കടമയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വർമ ഹർജിയിലെ വാദങ്ങൾ അംഗീകരിച്ചില്ല.

പുസ്തകം വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് പറയൂ, അത് മോശം രീതിയിൽ രചിക്കപ്പെട്ടതാണെന്ന് അവരെ അറിയിക്കൂ, മറ്റ് നല്ല പുസ്തകങ്ങൾ വായിക്കാൻ ആളുകളോട് പറയൂ, വികാരങ്ങൾ വ്രണപ്പെടുന്നെങ്കിൽ മറ്റ് മികച്ചത് വായിക്കൂ, എന്ന് ജഡ്ജി ഹർജിക്കാരനോട് പറഞ്ഞു. തങ്ങൾ വളരെ സെൻസിറ്റീവ് ആണെന്ന് ആളുകൾക്ക് തോന്നുന്നുവെങ്കിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി ചോദിച്ചു.

ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയിൽ നേരത്തേ ഡൽഹി കോടതി പുസ്തകം നിരോധിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ രാജ്യത്ത് വർഗീയ കലാപങ്ങൾക്ക് കാരണമായോ എന്നും കോടതി ആരാഞ്ഞു. വർഗീയ കലാപം പൊട്ടിപുറപ്പെടുമെന്നത് ഭയപ്പെടുത്തലാണെന്നും കോടതി അഭിപ്രായപ്പെട്ടു.

'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് നേരത്തെ തന്നെ പുസ്തകത്തെ കുറിച്ച് വിവാദങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വയെ ചോദ്യംചെയ്യുന്നതുമാണെന്ന് സൽമാൻ ഖുർഷിദ് വ്യക്തമാക്കിയിരുന്നു. ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.