വാരാണസി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. യോഗം അർധരാത്രി വരെ നീണ്ടു നിന്നു.മോദിയുടെ സന്ദർശനം മുന്നൊരുക്കങ്ങൾക്ക് ഊർജ്ജം പകർന്നിട്ടുണ്ട്.

കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ധാം ഇടനാഴി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ തങ്ങിയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് കാൽനടയായി വാരാണസിയിലെ ക്ഷേത്ര പരിസരത്ത് സഞ്ചരിച്ചു. ബനാറസ് റെയിൽവേ സ്റ്റേഷനും മോദി സന്ദർശിച്ചു.സന്ദർശനത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അർധരാത്രിയിൽ ക്ഷേത്ര പരിസരത്ത് കാൽനടയായി യാത്ര ചെയ്യുന്നതും നവീകരിച്ച റെയിൽവേ സ്റ്റഷൻ സന്ദർശിക്കുന്നതിന്റേയും ചിത്രങ്ങളാണ് മോദി പങ്കുവെച്ചത്. മോദിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു.

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമ്മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം,വിനോദസഞ്ചാരസൗകര്യ കേന്ദ്രം, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ട ഇടനാഴിയുടെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്.