മലപ്പുറം: അടുത്തകാലത്തായി സമസ്ത നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകൾ ഏറ്റവും അധികം തിരിച്ചടിയാകുന്നത് മുസ്ലിംലീഗിനാണ്. ജിഫ്രി തങ്ങൾ പല വിഷയങ്ങളിലും ലീഗ് താൽപ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. ഇത് ഫലത്തിൽ ഗുണം ചെയ്തത് സിപിഎമ്മിനാണ് താനും. മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടെ സ്മസ്ത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി പരമാവധി സർക്കാറിന് അനുകൂലമായി കാര്യങ്ങൾ വരുത്താൻ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്ന വിഷയത്തിൽ പോലും സർക്കാറിനെ വിശ്വാസത്തിൽ എടുക്കുന്ന നിലപാടാണ് ജിഫ്രി തങ്ങൾ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ തങ്ങൾക്കെതിരായ വികാരമാണ് ലീഗ് അണികൾക്കിടയിൽ ഉയരുന്നതും.

ഇതിന് പിന്നാലെയാണ് ഇപ്പോൾ തനിക്ക് വധഭീഷണി ഉണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്. ജിഫ്രി തങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന് മേൽ പഴിചാരി വഴിതിരിച്ചു വിടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു.

ഭീഷണി കോൾ വന്ന കാര്യം തന്നോട് തങ്ങൾ തന്നോട് സംസാരിച്ചതായി സലാം വ്യക്തമാക്കി.'ജിഫ്രി തങ്ങളുമായി സംസാരിച്ചിരുന്നു. അത്ര ഗൗരവമുള്ള കാര്യമൊന്നും അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു അജ്ഞാത കോൾ വന്നിരുന്നു. സിഎമ്മിന്റെ അനുഭവം അറിയാലോ എന്ന് പറഞ്ഞ് കട്ട് ചെയ്തു. അദ്ദേഹം അത് ഗൗരവമായി എടുത്തിട്ടില്ല. ഇത്തരം ഘട്ടങ്ങളിലൊക്കെ നേതാക്കൾക്ക് പല കോളുകളും വരാറുണ്ട്. വിദ്യാർത്ഥികളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ഗൗരമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതന്മാർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് അതിന് കാരണമെന്ന് തെളിയിക്കുകയാണ് ഇത്' സലാം പറഞ്ഞു.

അതേസമയം സലാം പറയുമ്പോഴും ആരാണ് തനിക്കെതിരെ വധഭീഷണി ഉയർത്തുന്നതെന്ന കാര്യം കൃത്യമായി തന്നെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ സമസ്തയെ ഒപ്പം നിർത്തി ലീഗിനെ വെട്ടിലാക്കാനുള്ള ശ്രമം മുഖ്യമന്ത്രി തുടങ്ങിക്കഴിഞ്ഞു. ജിഫ്രി തങ്ങലുമായി മന്ത്രി അബ്ദുറഹിമാൻ കൂടിക്കാഴ്‌ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ജിഫ്രി തങ്ങളെ കാണാൻ മന്ത്രിഎത്തുന്നത്.

മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷൻ തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും നിലപാടുകളിൽ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.