മലപ്പുറം: കഴിഞ്ഞ ഇരുപത് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊലവിളി നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. എത്ര വിമർശിച്ചാലും ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടില്ല. ലീഗിനെതിരായ ആരോപണം വഖഫ് വിഷയത്തിലെ സിപിഎമ്മിന്റെ വീഴ്ചയിലെ ജാള്യത മറയ്ക്കാനാണ്. വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നും പിഎംഎ സലാം ആരോപിച്ചു.

തീവ്രവാദ പ്രസ്ഥാനങ്ങളോടു മൃദുസമീപനം പുലർത്തിയിരുന്ന മുസ്‌ലിം ലീഗ് ഇപ്പോൾ അവരുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ലീഗ് ജനറൽ സെക്രട്ടറി. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചത്.

മുൻപും വർഗീയ സംഘടനകളുമായി ലീഗ് സഖ്യം ചേർന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ സമാധാനം ആഗ്രഹിക്കുന്ന ലീഗുകാർ രംഗത്തു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായും ലീഗ് നേരത്തേ ധാരണയുണ്ടാക്കിയിരുന്നു.

എന്നാൽ ഈ രണ്ട് സംഘടനകളുടെയും മുദ്രവാക്യം ലീഗ് ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വർഗീയ അജൻഡകൾ സ്വയം ഏറ്റെടുത്ത് യുഡിഎഫ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ചെറിയ വിഷയങ്ങളെ പോലും അവർ ഇതിനായി ഉപയോഗപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.