മലപ്പുറം: മലപ്പുറത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിൽവെച്ചും ഇറച്ചിക്കടയിൽവെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന 53കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. വേങ്ങര പറപ്പൂർ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽ റസാഖ് (53)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടോമി വർഗ്ഗീസ് തള്ളിയത്.

ഇറച്ചിക്കടയിലേക്ക് വന്ന കുട്ടിയെ പ്രതി കുഴിപ്പുറത്തുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം. തുടർന്ന് കുട്ടിയെ ഇയാൾ ഇറച്ചിക്കടയിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2020 ജൂലൈ 28ന് വേങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന മറ്റൊരുകേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കുറ്റിപ്പുറം പള്ളിപ്പടി കുന്നത്ത് മുസ്തഫ (50)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടോമി വർഗ്ഗീസ് തള്ളിയത്. പണം നൽകി വശീകരിച്ച കുട്ടിയെ പ്രതിയുടെ ഉമസ്ഥതയിൽ നിർമ്മാണം നടന്നു വരുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

കുട്ടിക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു നൽകിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മറ്റൊരു പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ പെരിന്തൽൽമണ്ണ സബ്ജയിലിലെത്തി കുറ്റിപ്പുറം പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 14 വയസ്സു പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.