തിരുവനന്തപുരം: അയിരൂരിൽ മോഷണക്കേസിൽ പ്രതികളെക്കണ്ട് പൊലീസുപോലും ഒരു നിമിഷം അമ്പരന്നിരുന്നു. തീർത്തും തന്ത്രപരമായ മോഷണത്തിൽ പിടിയിലായത്
യുവദമ്പതികൾ. വർക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആൻസിയുമാണ് പൊലീസിന്റെ പിടിയിലായത്. നിർമ്മാണത്തിലിരുന്ന വീടിന്റെ താക്കോൽകൂട്ടം കൈക്കലാക്കി അഞ്ചുലക്ഷം രൂപ കവർന്ന കേസിലാണു യുവദമ്പതികൾ പിടിയിലായത്.ആഡംബര ജീവിതം ലക്ഷ്യം വച്ചാണ് മോഷണമെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.

രണ്ടു ദിവസം മുൻപ് ഇലകമണ്ണിൽ സുധീർഖാൻ എന്നയാളുടെ വീട്ടിൽ നടന്ന തന്ത്രപരമായ മോഷണമാണ് അയിരൂർ പൊലീസ് പിടികൂടിയത്.പെയിന്റ് അടിക്കാൻ റിയാസ് എത്തിയ വീട്ടിൽ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവൻ ആഭരണങ്ങളുമാണു കവർന്നത്. ഭാര്യ ആൻസിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു മോഷണം. വീട്ടുടമസ്ഥൻ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോൽ കൂട്ടം സ്വന്തമാക്കിയായിരുന്നു മോഷണം.

വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. മോഷണ ദിവസം രാത്രി റിയാസും ആൻസിയും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താൻ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.