കണ്ണുർ: ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽനാട്ടിൽ കലാപത്തിന് പ്രകോപനപരമായ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ഗൾഫിൽ ജോലി ചെയ്യുന്ന കണ്ണൂർ കൊളച്ചേരി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ജാതി-മത രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും ഒത്തൊരുമയിൽ നിലവിലുള്ള പാട്ടയം വാട്സ്അപ്പ് ഗ്രൂപ്പിലാണ് നാട്ടിൽ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ ഗൾഫിലെ ജോലി സ്ഥലത്ത് നിന്നും ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്.

ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രകോപനപരവും സാമൂഹിക സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ വാട്സ്അപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാട്സ്അപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ സ്‌ക്രീൻ ഷോട്ട് സഹിതം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സന്ദേശം പ്രചരിപ്പിച്ച വിദേശത്ത് ജോലി ചെയ്യുന്ന കൊളച്ചേരി ജുമാ മസ്ജിദിന് സമീപത്തെ റൗഫിനെതിരേ മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കലാപത്തിന് നീക്കം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിക്ക് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിരവധി പേർ സൈബർ പൊലിസിന്റെ നിരീക്ഷണത്തിലാണ്.