ഇൻഡോർ: ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ നടുറോഡിൽ തല്ലിച്ചതച്ച് പൊലീസ്. മധ്യപ്രദേശിലെ ഇൻഡോറിൽ 35കാരനായ ഓട്ടോറിക്ഷ ഡ്രൈവർ കൃഷ്ണ കെയെർ ആണ് മർദനത്തിനിരയായത്.

മാസ്‌ക് ധരിച്ചിരുന്നെങ്കിലും മൂക്കിൽനിന്നും താഴേക്ക് മാറിക്കിടക്കുകയായിരുന്നു. പൊലീസ് കൃഷ്ണയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. കൃഷ്ണ തയാറാകാത്തതിനെത്തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളാണ് ദൃശ്യങ്ങൾ പകർത്തിയത്.

അസുഖ ബാധിതനായ പിതാവിനെ സന്ദർശിക്കാൻ പോകുകയായിരുന്നു കൃഷ്ണ. പൊലീസ് ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടെയുണ്ടായിരുന്ന മകൻ സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിലാണ് സംഭവം നടന്നതെങ്കിലും ആരും സഹായിക്കാനെത്തിയില്ല. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

 

പൊലീസ് ഉദ്യോഗസ്ഥരായ കമൽ പ്രജാപത്, ധർമേന്ദ്ര ജാട് എന്നിവരാണ് മർദിച്ചത്. ഇവർക്കെതിരെ പരാതി ഉയർന്നെങ്കിലും നടപടിയെടുക്കാൻ അധികൃതർ ആദ്യം തയാറായില്ല. എന്നാൽ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരേയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.