തൃശ്ശൂർ: സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ മുൻ ട്രസ്റ്റി സാബുവിന്റെ പരാതിയിലാണ് ആളൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ ഇത് കള്ളക്കേസ് ആണെന്നും സാബു ഭീഷണി നോട്ടീസ് കൊണ്ടിടുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മയൂഖ ജോണി പ്രതികരിച്ചു.

പീഡന കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടു പോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു.ഇത് അപകീർത്തികരമാണ്. വാർത്താ സമ്മേളനത്തിലും തന്നെ മോശമായി പരാമർശിച്ചു എന്നാണ് സാബുവിന്റെ പരാതി. ഭീഷണി നോട്ടീസ് മയൂഖയും സംഘവും തന്നെ കൊണ്ടിട്ടതാണ്. ഇതിന്റെ തെളിവുകൾ അടങ്ങിയ സിഡിയും കോടതിയിൽ സമർപ്പിച്ചുവെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തത്.നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൂന്ന് കേസുകളും ചേർത്താകും ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുക.

അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.ഇതും കൂടി ചേർത്താണ് മൂ്ന്നുകേസുകൾ.2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങൾ എടുക്കുകയും ചെയ്‌തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാൽ പൊലീസിൽ പരാതി നൽകിയില്ല. 2018-ൽ പെൺകുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു.

തുർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം 2021 മാർച്ചിലാണ് പരാതി നൽകിയത്. ചാലക്കുടി മജിസ്‌ട്രേറ്റ് ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. എന്നാൽ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിക്കു വേണ്ടി മന്ത്രി തലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. തൃശ്ശൂർ ആളൂർ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

എന്നാൽ ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോൺസണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നുവെന്നും ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. മയൂഖയും പരാതിക്കാരിയും സിയോൻ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്. വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞിരുന്നു.