കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന എം.എസ്.എഫ് വനിതാ വിഭാഗം 'ഹരിത' അംഗങ്ങളുടെ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് എതിരെ കേസെടുത്തു. നവാസിന് പുറമെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഹരിത നേതാക്കളിൽ നിന്ന് പൊലീസ് നേരത്തെ മൊഴിയെടുത്തിരിന്നു. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(അ)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജൂൺ 22 ന് കോഴിക്കോട് ഹബീബ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിതയിലെ വിദ്യാർത്ഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് കേസ്.

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ആദ്യം ലീഗ് നേതൃത്തിനായിരുന്നു ഹരിതാ നേതാക്കൾ പരാതി നൽകിയത്. ഈ പരാതി നേതൃത്വം അവഗണിച്ചതോടെയാണ് ഹരിതയിലെ 10 വനിതാ നേതാക്കൾ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിതാ നേതാക്കൾ ആരോപിച്ചിരുന്നു.

അതേ സമയം പരാതി പിൻവലിക്കാത്തിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാൻ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കൽ അറിയിപ്പ് നൽകിയത്. പ്രശ്‌നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്തു നടത്തുന്ന ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

ഹരിത ഭാരവാഹികൾ ആരോപണമുന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാൻ ലീഗിൽ ധാരണയായത്.

പ്രശ്‌ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും നേതാക്കൾ കടുംപിടിത്തം തുടർന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ നേരത്തെ നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.