കൊല്ലം: പെൺകുട്ടികളുടെ വീടുകൾക്ക് മുന്നിൽ അജ്ഞാതർ പാദരക്ഷകൾ കൊണ്ടുവന്നു വച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിയുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകൾക്കു മുൻപിലാണ് രണ്ടു ദിവസങ്ങളിലായി ചെരുപ്പുകൾ കണ്ടത്. വീട്ടിലെ പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് പുതിയ ചെരുപ്പുകൾ രാത്രി കൊണ്ടുവച്ചിരുന്നത്.കഴിഞ്ഞമാസം ഉമയല്ലൂർ പട്ടരമുക്കിൽ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പ് കണ്ടത്.

തെരുവ് നായ കടിച്ചുകൊണ്ടിട്ടതാകാമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീട് കൂടുതൽ വീടുകളിൽ സമാന സംഭവം ഉണ്ടായതോടെ ഭീതി പരന്നു.ചെരുപ്പുകൾ വലിച്ചെറിയുന്നതിനു പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു. വീടുകളിലെ പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകൾ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ പേടിയും കൂടി.