തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പേരിൽ കേരളത്തിൽ പൊലീസ് രാജ് തുടരുകയാണ്. കഷ്ടപ്പെട്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ജനങ്ങൾ പാടുപെടുമ്പോൾ പൊലീസ് അവരിൽ നിന്നും പിഴചുമത്തി കീശ വീർപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മാത്രമല്ല, ഇതിനിടെയിൽ സ്വന്തം പോക്കറ്റ് വീർപ്പിക്കാനും ചില പൊലീസുകാർ ശ്രമിക്കുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ബലിയിടാൻ പോയ പ്ലസ്ടു വിദ്യാർത്ഥിയിൽനിന്ന് പൊലീസ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നൽകിയെന്നു പരാതിയും ഉയർന്നിട്ടുണ്ട്.

ശ്രീകാര്യം സ്വദേശിയായ നവീനിൽനിന്നാണ് പിഴ ഈടാക്കിയത്. ശ്രീകാര്യം വെൺചാവോടുള്ള വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ അമ്മയ്‌ക്കൊപ്പം ബലിയിടാൻ പോയപ്പോഴാണ് പൊലീസ് തടഞ്ഞു നിർത്തിയത്. ബലിതർപ്പണം വീട്ടിൽ നടത്തണമെന്നാണ് നിർദേശമെന്നും അതിനാൽ പുറത്തിറങ്ങിയത് തെറ്റെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എങ്കിൽ തിരികെ പൊയ്‌ക്കോളാമെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. നവീനിൽനിന്ന് പിഴയായി 2000 രൂപ വാങ്ങിയെങ്കിലും നൽകിയ രസീതിൽ 500 രൂപയെന്നാണ് എഴുതിയിരിക്കുന്നത്.

രസീതിൽ എഴുതിയത് തെറ്റിപ്പോയതാണെന്നും ബലിതർപ്പണത്തിന് അനുവാദമില്ലെന്നും സമ്പൂർണ ലോക്ഡൗൺ ദിവസം പുറത്തിറങ്ങിയതിനാണ് പിഴ ഈടാക്കിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, നവീൻ ബലിയിടാൻ പോയ ക്ഷേത്രത്തിൽ മുൻകൂട്ടി സമയം ബുക് ചെയ്ത് ബലിതർപ്പണമുണ്ടായിരുന്നു. ബുക് ചെയ്ത ശേഷമായിരുന്നു നവീൻ ക്ഷേത്രത്തിലേക്ക് പോയത്.

അതേസമയം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും പൊലീസിന്റെ പിഴയീടാക്കൽ പതിവു പോലെ തുടരുന്നതിൽ കടുത്ത അമർഷമാണ് ജനങ്ങൾക്കുള്ളത്. മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നൽകിയിരിക്കുന്നതാണ് സാധാരണക്കാർക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാൽ രാഷ്ട്രീയക്കാർ ലോക്ഡൗൺ ലംഘിച്ച കേസുകളിൽ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കോവിഡ് നിയന്ത്രണ ലംഘനമെന്ന പേരിൽ 20,709 പേർക്കെതിരെയാണ് കേസെടുത്തത്. 3,951 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരിൽനിന്ന് പിഴ ഈടാക്കി. ഇതെല്ലാം ചേർന്നാൽ 69,000ത്തോളം പേരിൽനിന്നായി 4 കോടിയിലേറെ രൂപയാണ് സർക്കാരിന്റെ ഖജനാവിലെത്തുന്നത്.

ഓരോ പൊലീസ് സ്റ്റേഷനിലും പ്രതിദിനം 30 കേസുകളെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. കോവിഡ് പ്രതിസന്ധിയെത്തുടർന്നു പണമില്ലാതെ ജനം നട്ടം തിരിയുന്ന ഓണക്കാലത്തും ഇത്തരം നടപടികൾ തുടരുന്നതിനെതിരെ ജനങ്ങൾക്കിടയിലും പൊലീസിലെ താഴെത്തട്ടിലും അമർഷമുണ്ട്. അതേസമയം, നിയമലംഘനത്തിനു ചട്ടപ്രകാരമുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നു ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ശാരീരിക അകലമില്ലാത്ത രാഷ്ട്രീയ സമരങ്ങൾ ലോക്ഡൗൺ ലംഘനമാണെന്നതിൽ ആർക്കും തർക്കമില്ല. ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം ഇടത്‌വലത്ബിജെപി നേതാക്കളെ പ്രതിയാക്കി 55 കേസുകളാണ് സമരങ്ങൾക്കെതിരെ എടുത്തത്. പക്ഷേ പ്രതികളായ നേതാക്കളിൽനിന്ന് ഒരു രൂപ പോലും പിഴയീടാക്കിയിട്ടില്ല. കേസെടുത്ത് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയക്കാരെ തൊടാതെ നാട്ടുകാരെ മാത്രം പിഴിയുന്നതിനും കാരണമുണ്ട്. ഓരോ സ്റ്റേഷനിലും പ്രതിദിനം കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. പണമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന ഓണക്കാലത്തും തുടരുന്ന നിർബന്ധിത കേസെടുക്കലിൽ നാട്ടുകാർക്കു മാത്രമല്ല, പൊലീസിന്റെ താഴെത്തട്ടിലും വ്യാപക അമർഷമാണ്.

അതേസമയം പരിഷ്‌കരിച്ച ലോക്ഡൗൺ നിബന്ധനകൾ ഇന്നുമുതൽ പതിവുപോലെ തുടരും. ബാങ്കുകൾ, വ്യാപാരവ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാമെന്നാണ് ഉത്തരവ്. കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിർദേശിച്ച, വാക്‌സിനേഷൻ ഉൾപ്പെടെയുള്ള വിവാദ വ്യവസ്ഥകൾ തൽക്കാലം കർശനമാക്കിയിട്ടില്ല.

അടുത്ത രണ്ടു ഞായർ ലോക്ഡൗൺ ഉണ്ടാകില്ല. ഇതോടെ ഞായർ ലോക്ഡൗൺ ഇന്നലെ താൽക്കാലികമായി അവസാനിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളായ 15ന് സ്വാതന്ത്ര്യദിനം പ്രമാണിച്ചും 22നും ഓണത്തോട് അനുബന്ധിച്ചു ലോക്ഡൗൺ ഇല്ല.