തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പരാതി കൈകാര്യം ചെയ്ത പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി.

'അനുപമയുടെ ആദ്യ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞിരുന്നില്ല. അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണം എന്നായിരുന്നു ആദ്യപരാതി.' റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശപ്രകാരമായിരുന്നു പൊലീസ് നടപടിയെന്നും റിപ്പോർട്ടിലുണ്ട്.

കുഞ്ഞിനെ പ്രസവിച്ച് ആറു മാസത്തിനു ശേഷമാണ് അനുപമ ആദ്യ പരാതി നൽകിയത്. അച്ഛൻ ഒപ്പിട്ടു വാങ്ങിയ രേഖകൾ തിരികെ ലഭിക്കണമെന്നായിരുന്നു അനുപമയുടെ പരാതി. അച്ഛന്റെ മൊഴി എടുത്തതിനുശേഷം തുടർനടപടി അവസാനിച്ചതിനു പിന്നാലെ അനുപമ രണ്ടാമത്തെ പരാതി നൽകി. കുട്ടിയെ കൊണ്ടു പോയി എന്നതായിരുന്നു പരാതി. കുട്ടിയെ തട്ടിക്കൊണ്ടു പൊയതിനും വ്യാജ രേഖ ഉണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ടെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിച്ചു.

വിഷയത്തിൽ പൊലീസ് ആക്ഷേപം നേരിട്ടതോടെയാണ് ഡിജിപി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.

അതേസമയം, ദത്തുനൽകൽ നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ശിശുക്ഷേമ സമിതിക്കും വനിത, ശിശുവികസന ഡയറക്ടർക്കുമാണ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്. ആറു മാസമാണ് ദത്ത് നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂർത്തിയായിരിക്കുന്നത്.

ദത്ത് നൽകുന്ന നടപടി ക്രമങ്ങൾ നിർത്തി വെക്കാൻ ശിശുക്ഷേമ സമിതിക്ക് സർക്കാർ നിർദ്ദേശം നൽകി. അനുപമയുടെ പരാതി സർക്കാർ വഞ്ചിയൂർ കോടതിയെ അറിയിക്കും. ഇതിനായി സർക്കാർ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. സിഡബ്ല്യുസിക്ക് എതിരെ നടപടി വേണം. സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ മറ്റൊരാൾക്കു കൈമാറിയെങ്കിലും കോടതി നടപടികൾ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികൾ പൂർത്തിയാകുകയുള്ളൂ. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തിൽ ദത്തിന്റെ അടുത്ത നടപടികൾ നിർത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളാണ് കുഞ്ഞിന്റെ ദത്ത് നടപടികൾ പുരോഗമിക്കുന്ന വഞ്ചിയൂർ കോടതിയെ അറിയിച്ചത്.

അതേ സമയം സിപിഎമ്മിനെതിരെ പരാതിക്കാരിയായ അനുപമ ഒരു ചാനൽ ചർച്ചയ്ക്കിടെ വീണ്ടും രംഗത്തെത്തി. സിപിഎം ഇപ്പോൾ നൽകുന്ന പിന്തുണയിൽ വിശ്വാസമില്ലെന്ന് അവർ വ്യക്തമാക്കി. അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അനുപമ പറഞ്ഞതിങ്ങനെ - 'എന്റെ അച്ഛനും അമ്മയും ഇപ്പോഴും പാർട്ടിയിലിരിക്കുന്നു, ഓരോ സ്ഥാനങ്ങളിലിരിക്കുന്നു. പുതിയ ഓരോ സ്ഥാനങ്ങൾ അവർക്ക് ലഭിക്കുന്നു. ആ സ്ഥാനങ്ങളിൽ നിന്ന് അവർ ഇപ്പോഴും തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ആ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് അവരെ തത്കാലമെങ്കിലും സസ്‌പെന്റ് ചെയ്യുകയോ ചെയ്തുകൊണ്ടാണ് അവർ (സിപിഎം പാർട്ടി) എന്നോടുള്ള പിന്തുണ അറിയിക്കേണ്ടത്.'

അതേസമയം ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യ പ്രവർത്തക ജെ ദേവിക സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗത്തിന് നേരെ നടത്തിയ ആരോപണവും പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. പീഡോഫൈലായ നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും അവർ ആരോപിച്ചു. വളരെയേറെ സമ്മർദ്ദം ചെലുത്തിയാണ് കേസെടുത്തതെന്നും അവർ കുറ്റപ്പെടുത്തി.