തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് ഗുരുതരമായി പരിക്ക്. കഞ്ചാവ് വിൽപ്പന തടഞ്ഞതിനാണ് പള്ളിച്ചലിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജോബിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ മുതുവല്ലൂർകോണം യൂണിറ്റ് ഭാരവാഹിയാണ് ടിജെ ജോബിൻ.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിനെ തിങ്കൾ രാത്രി ഏഴോടെ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. മുതവല്ലൂർകോണം സ്വദേശികളും കഞ്ചാവ് വിൽപ്പനക്കാരുമായ കുട്ടപ്പൻ, കുട്ടപ്പന്റെ മകൻ സനു, മലവിള സ്വദേശികളായ ഉരുക്ക് അപ്പൂസ്, വിഷ്ണു എന്നിവരാണ് ആക്രമിച്ചത്.

രണ്ട് വർഷം മുമ്പ് കഞ്ചാവ് വിൽപ്പന തടഞ്ഞ വൈരാഗ്യം കൊണ്ടാണ് ഇക്കാലമത്രയും കരുതിക്കൂട്ടിയിരുന്ന് അക്രമിച്ചതെന്ന് ജോബിൻ പറയുന്നു. ആക്രമണത്തിന് മുമ്പ് ഇവർ സംഘം ചേർന്നുവന്ന് ജോബിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ജോബിൻ നരുവാമൂട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ട് പൊലീസുകാരെ ജോബിനൊപ്പം വിട്ടെങ്കിലും കുറച്ചുദൂരം വന്നശേഷം, തനിയ്‌ക്കൊപ്പം വന്ന് ക്രിമിനലുകളെ പിടിക്കലല്ല ഞങ്ങളുടെ പണി എന്നുപറഞ്ഞ് ജോബിനെ തെറി വിളിച്ചിട്ട് തിരിച്ചുപോയെന്നും ജോബിൻ ആരോപിച്ചു.

നരുവാമൂട് പൊലീസ് തന്നെ കരുതികൂട്ടി ക്രിമിനലുകൾക്ക് മുന്നിലേയ്ക്ക് തള്ളിവിടുകയായിരുന്നെന്ന് ജോബിൻ പറയുന്നു. ഒറ്റയ്ക്ക് വരുകയായിരുന്ന ജോബിനെ മാരകായുധങ്ങളുമായാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. കമ്പിവടി കൊണ്ട് തല അടിച്ചുപൊട്ടിക്കുകയും വലതുകാൽ അടിച്ചൊടിച്ച് കനാലിൽ തള്ളുകയുമായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കുട്ടപ്പനെ മാത്രമാണ് നരുവാമൂട് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തത്. വധശ്രമത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ കൂട്ടത്തിലെ മറ്റാരെയും ഇതുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതേപറ്റി പൊലീസിനോട് ചോദിച്ചപ്പോൾ ' നിങ്ങൾ പിടിച്ചുതാ, എന്നാൽ ഞങ്ങൾ അറസ്റ്റ് ചെയ്‌തോളാം' എന്നായിരുന്നു മറുപടിയെന്നാണ് ജോബിൻ പറയുന്നത്.

അതേസമയം കൂട്ടത്തിലെ മറ്റുള്ളവർ ഒളിവിലാണെന്നും ഉടനെ അറസ്റ്റുണ്ടാകുമെന്നുമാണ് നരുവാമൂട് സിഐ മറുനാടനോട് പറഞ്ഞത്. പതിവ് പെട്രോളിങിന് വേണ്ടിയാണ് രണ്ട് പൊലീസുകാർ ചാനൽക്കര വരെ പോയത്. അവർ തിരിച്ചുവന്ന ശേഷമാണ് ജോബിന് നേരെ ആക്രമണമുണ്ടായതെന്നും സിഐ പറഞ്ഞു.

നിർധന കുടുംബാംഗമായ ജോബിൻ ഇലക്ട്രിക്കൽ പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. കുടുംബത്തിന്റെ ഏകആശ്രയം കൂടിയാണ് ജോബിൻ. ലഹരി മാഫിയയ്‌ക്കെതിരെ നിലകൊണ്ടതിന് ദുരിതജീവിതം നയിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇപ്പോൾ ജോബിൻ. പൊലീസുകാരും കയ്യൊഴിയുമ്പോൾ എന്തുചെയ്യണമെന്ന് ഈ യുവാവിന് അറിയില്ല. ഇടതുഭരണത്തിൻകീഴിൽ ഒരു ഇടതുയുവജനസംഘടനാ പ്രവർത്തകന് പോലും നീതി ലഭ്യമാക്കാൻ കേരളപൊലീസിന് സാധിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.