തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയേയും പങ്കാളി അജിത്തിനെയും ആക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് എതിരെ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. അനുപമയുടെ പരാതിയിൽ ശ്രീകാര്യം പൊലീസ് മറുപടി നൽകി.

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു. കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി അനുപമയുടെ പങ്കാളി അജിത്തിനെ പേര് പറയാതെ വിമർശിച്ചത്. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീർത്തികരമായ പരാമർശം സജി ചെറിയാൻ നടത്തിയത്.

മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്:
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെൺകുട്ടികളായതുകൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.

മന്ത്രിയുടെ പരാമർശം വിവാദമായതോടെ ന്യായീകരണവുമായി സജി ചെറിയാൻ പിന്നീട് രംഗത്ത് വന്നിരുന്നു. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും രക്ഷിതാവെന്ന നിലയിൽ പെൺകുട്ടികളെ ഉപദേശിച്ചെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ആരുടെയും പേര് പറയാത്തതിനാൽ കേസെടുക്കാനാകുമോയെന്ന സംശയം ഉന്നയിച്ചാണ് പൊലീസ് നടപടി വൈകിച്ചത്.

അനുപമയുടെ പങ്കാളി അജിത്തിന്റെ ബന്ധങ്ങളെ മുൻനിർത്തിയായിരുന്നു സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാന്റെ പൊതുവേദിയിലെ ആക്ഷേപം. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നതിനൊപ്പം വസ്തുതക്ക് നിരക്കാത്തവയും മന്ത്രി പറയുന്നുണ്ട്. വിവാദമായതോെട അത് തന്റെ നാട്ടിലെ മറ്റൊരാളേക്കുറിച്ചാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മന്ത്രിയുടെ ശ്രമം.

മന്ത്രിക്കെതിരെ അനുപമയും അജിത്തും പേരൂർക്കട പൊലീസിൽ പരാതിയും നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തത് വിവാദമായിരുന്നു. ആക്ഷേപം ഉയർന്നതോടെ പേരൂർക്കട പൊലീസത് പ്രസംഗം നടന്ന സ്ഥലം കാര്യവട്ടത്തായതിനാൽ ശ്രീകാര്യം പൊലീസിന് കൈമാറി. മന്ത്രി അനുപമയുടെയോ അജിത്തിന്റെയോ പേര് പറഞ്ഞിട്ടില്ലാത്തതിനാൽ അവരെ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. തുടർന്ന് നിയമോപദേശം തേടിയിരുന്നു. കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസ് മറുപടി നൽകിയത്.