ചെന്നൈ: ആത്മീയ രാഷ്ട്രീയം എന്ന വാക്കുതന്നെ സത്യത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമായ തമിഴകത്ത് പുതുമയുള്ളതാണ്. പക്ഷേ തമിഴ്‌നാട്ടിൽ ലക്ഷങ്ങൾ ആരാധകരുള്ള രജനീകാന്തിന്റെ പാർട്ടിയുടെ ലക്ഷ്യം അതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഇത് ബിജെപി ഉന്നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും അല്ലെന്ന് വ്യക്തമാണ്. കാരണം അമിത്ഷാ തന്നെ നേരിട്ടു വന്ന് ക്ഷണിച്ചിട്ടും, രജനീകാന്ത് ബിജെപിയിൽ പോയിട്ടില്ല. ഒരു മുന്നണിയിലുമില്ലായെ ഒറ്റക്ക് നിന്ന് ഭരണം പിടിക്കാനുള്ള നീക്കമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധർ ഉള്ള ഈ താരത്തിന്റെതെന്ന് വ്യക്തം.

വെള്ളിത്തിരയും രാഷ്ട്രീയവും എന്നും പര്‌സ്പരം ബന്ധപ്പെട്ട് കിടക്കുന്ന തമിഴ്‌നാട്ടിൽ, രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചത് നമ്മുടെ പാലക്കാട്ടുകാരൻ എം ജി ആർ എന്ന എം ജി രാമചന്ദ്രൻ തന്നെയായിരുന്നു. അന്ന് എംജിആറിന് തിരക്കഥ ഒരുക്കിയ കരുണാനിധി എതിരാളിയായി ഉണ്ടായിരുന്നു. പിന്നീട് എംജിആറിന്റെ ഇദയക്കനി ജയലളിതയുടെ യുഗമായി. പക്ഷേ അതിനുശേഷം സിനിമയിൽനിന്ന് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചവരിൽ ശിവാജി ഗണേശനും, വിജയകാന്തും ഉൾപ്പെടുയുള്ളവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇപ്പോൾ കമൽഹാസന്റെ പാർട്ടിയും അങ്ങനെതന്നെ.വെറും അഞ്ച് ശതമാനത്തിനപ്പുറം വോട്ട് നേടാൻ മക്കൾ നീതി മയ്യത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആത്മീയ രാഷ്ട്രീയവുമായി രജനി എത്തുന്നത്. കമൽഹാസൻ നഗരത്തിലെ യുവാക്കൾ അടക്കമുള്ള ഡിഎംകെ വോട്ടർമാരുടെ വോട്ട് ചോർത്തുമ്പോൾ, രജനീകാന്ത് സ്ത്രീകൾ അടക്കമുള്ള എഐഡിഎംകെയുടെ മിഡിൽ ക്ലാസ് വോട്ടുകൾ ചോർത്തുമെന്നാണ് പൊതുവെയുള്ള ആശങ്ക.

തമിഴ്‌നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും രജനീകാന്ത് പാർട്ടി രൂപീകരത്തിനുശേഷം പ്രഖ്യാപിച്ചത്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തും. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കൾ മൻട്രത്തിന്റെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.താൻ എന്തു തീരുമാനമെടുത്താലും അതിനെ പിൻതുണയ്ക്കുമെന്ന് ജില്ലാതല സമിതികൾ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നൽകിയിരുന്നു. 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിർദ്ദേശിച്ചു.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദർശിപ്പോൾ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചർച്ച ചെയ്തതായാണ് സൂചന. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയാറായിട്ടില്ല.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്.

രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് കളംമൊരുങ്ങിയതോടെ തമിഴ്‌നാട്ടിൽ വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം ചുവടുറപ്പിക്കുകയാണ്. പതിന്നാല് വർഷം നീണ്ട രാഷ്ട്രീയ സസ്‌പെൻസിനൊടുവിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് കടക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിട്ടൊഴിഞ്ഞിട്ടില്ല.

ശക്തമായ ആരാധക പിൻബലം വോട്ടായി മാറുമെന്നും ജയലളതിയുടെയും കരുണാനിധിയുടേയും രാഷ്ട്രീയ വിടവ് നികത്തുമെന്നും എംജിആറിന്റെ രാഷ്ട്രീയ പാത പിന്തുടരുമെന്നുമാണ് ആരാധകരും കണക്കുകൂട്ടുന്നത്. രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത ഇല്ലെന്ന വിമർശനങ്ങൾക്കിടയിൽ കൂടിയാണ് സൂപ്പർസ്റ്റാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ആത്മീയ രാഷ്ട്രീയമെന്ന, ദ്രാവിഡർക്ക് കേട്ടുകേൾവിയില്ലാത്ത ആശയം തമിഴ്‌നാട്ടിൽ പച്ച പിടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.