ന്യൂഡൽഹി: ഒന്നാം ഘട്ട കോവിഡ് വാക്സിനേഷനിൽ രാഷ്ട്രീയക്കാർ തള്ളിക്കയറരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് ഒന്നാം ഘട്ട വാക്സിനേഷൻ എന്ന് മുഖ്യമന്ത്രിമാരുമായുള്ള മീറ്റിം​ഗിൽ അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി. ഇത് നമുക്കായുള്ള അവസരമല്ല, രാഷ്ട്രീയക്കാരുടെ അവരസരത്തിനായി കാത്തിരിക്കണമെന്നും മോദി വ്യക്തമാക്കി. ജനപ്രതിനിധികളെ ഒന്നാം ഘട്ട കോവിഡ് വാക്സിനേഷനിൽ പരി​ഗണിക്കണമെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്‌ട്രീയക്കാർക്ക് ഒന്നാം ഘട്ടത്തിൽ വാക്സിൻ ലഭിക്കില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിമാരുമായി നവംബർ 24-ന് പ്രധാനമന്ത്രി അവസാനമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എംഎൽഎമാർക്കും എംപിമാർക്കും മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി അന്ന് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ഇതേ കാര്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതി. അപ്പോഴും പ്രതികരണമുണ്ടായില്ല.

വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ബിഹാർ, ഒഡീഷ ആരോഗ്യ മന്ത്രിമാർ പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധികളെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാവർക്കും ഒരേ സമയം കുത്തിവെക്കാനാവില്ലെന്ന് ഹർഷ് വർദ്ധൻ അന്നു തന്നെ വ്യക്തമാക്കുകയുണ്ടായി. സർക്കാർ മുൻഗണനാ ഗ്രൂപ്പുകളെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള വാക്സിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കും വാക്‌സീൻ നൽകും.

30 കോടി ആളുകൾക്ക് വാക്‌സീൻ നൽകാണ് നടപടി പുരോഗമിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് ആദ്യം വാക്‌സീൻ നൽകുന്നത്. മൂന്നു കോടിയിൽ ഒരു കോടി ആരോഗ്യ പ്രവർത്തകരാണ്. ഇവർക്കായിരിക്കും ആദ്യം വാക്‌സീൻ നൽകുന്നത്. അതിന് ശേഷമായിരിക്കും പൊലീസ് അടക്കമുള്ളവർക്ക്. 50 വയസ്സിന് മുകളിലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർക്കായിരിക്കും മൂന്നാം ഘട്ടത്തിൽ വാക്‌സീൻ നൽകുന്നത്. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതൽ കോവിഡ് വാക്‌സീനുകൾക്ക് ഉടൻ അനുമതി നൽകും. കോവിഷീൽഡ് വാക്‌സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകി. ഒരു കോടി വാക്‌സീനാണ് ഓർഡർ നൽകിയത്. ജനുവരി 16 മുതൽ കോവിഡ് -19 ന് എതിരെയുള്ള വാക്സിൻ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സംസ്ഥാനങ്ങൾ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുന്നതും ആരോഗ്യപ്രവർത്തകർ, മറ്റ് മുൻനിര പ്രവർത്തകർ തുടങ്ങിയവരുടെ രജിസ്ട്രേഷനും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. 'സംസ്ഥാന സർക്കാരുകൾ സ്വന്തമായി വാങ്ങുകയാണെങ്കിൽ കമ്പനികളുമായി വിലനിർണ്ണയത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. കേന്ദ്ര സർക്കാരിനെ പോലെ ഒരു ഏജൻസി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്', മോദി പറഞ്ഞു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. വിശ്വസനീയമായ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് പ്രതിസന്ധിയിൽ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിച്ചതിൽ സംതൃപ്തിയുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങൾ പൂർണ്ണ വിവേകത്തോടുകൂടിയാണ് എടുത്തത്. തത്ഫലമായി, കോവിഡ് ലോകത്ത് എല്ലായിടത്തും വ്യാപിച്ചത് പോലെ ഇന്ത്യയിൽ വ്യാപിച്ചില്ലെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്ത് അംഗീകരിച്ച രണ്ട് തദ്ദേശീയ വാക്സിനുകളും ചെലവ് കുറഞ്ഞതാണ്. സ്വകാര്യ രംഗത്തേയും സർക്കാർ രംഗത്തേയും കോവിഡ് മുന്നണി പോരാളികൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാകും. വാക്സിൻ കുത്തിവയ്‌പ്പിന്റെ തത്സമയ ഡാറ്റ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ഡിജിറ്റൽ ജെനറേറ്റഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇത് ഡാറ്റ ഉറപ്പാക്കുകയും രണ്ടാമത്തെ ഡോസിനായി അറിയിപ്പ് നൽകാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.അടുത്ത കുറച്ച് മാസങ്ങളിൽ 30 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു.