അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി സാന്നിധ്യം അറിയിച്ചെങ്കിലും വൻ വിജയത്തിലേക്ക് എത്താനും പ്രതിപക്ഷ നിരയിലേക്ക് എത്താനോ അവർക്ക് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചയാളും പരാജയപ്പെട്ടത് ആപ്പിന് തിരിച്ചടിയായി മാറി. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയും മുൻ ടെലിവിഷൻ അവതാരകനുമായ ഇസുദാൻ ഗധ്‌വിക്കാണ് തോൽവി നേരിടേണ്ടി വന്നത്.

ബിജെപിയിലെ അയർ മുലുഭായ് ഹർദസ്ഭായ് ബേരയാണ് 18,775 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചത്. അദ്ദേഹത്തിന് 77305 വോട്ട് ലഭിച്ചപ്പോൾ ഇസുദാൻ ഗധ്‌വിക്ക് 58467 വോട്ടാണ് കിട്ടിയത്. കോൺഗ്രസിലെ അഹിർ വിക്രംഭായ് അർജൻഭായ് 44526 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഗധ്‌വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എ.എ.പി തെരഞ്ഞെടുത്തത്. 16 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ 73 ശതമാനം പേർ ഇദ്ദേഹത്തിന് അനുകൂലമായി വോട്ട്‌ചെയ്തിരുന്നു.

കർഷക കുടുംബത്തിൽ ജനിച്ച ഇസുദാൻ ഗധ്‌വി ദ്വാരക ജില്ലക്കാരനാണ്. നിലവിൽ പാർട്ടിയുടെ ദേശീയ ജോയന്റ് ജനറൽ സെക്രട്ടറിയാണ്. നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ നടത്തിയ റോഡ്‌ഷോയെ അടക്കം പരിഹസിച്ചു കൊണ്ട് ഇസുദാൻ ഗധ്‌വി രംഗത്തുവന്നിരുന്നു. നിയമങ്ങൾ ലംഘിച്ചാണ് പ്രധാനമന്ത്രി ഇത്തരം റോഡ്‌ഷോകൾ നടത്തുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഗധ്‌വി പറയുകയുണ്ടായി.

ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസ ഫീസ് കുറക്കാൻ കഴിയില്ല. വിലക്കയറ്റം തടയാനും സാധിക്കില്ലെന്നും ഗധ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മോദി തരംഗം ഗുജറാത്തിൽ ആഞ്ഞടിച്ചതോടെ സംസ്ഥാനത്ത് ആപ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയും തോൽവി രുചിക്കണ്ടി വന്നു.