തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ശക്തമായ മത്സരത്തിന് കളമൊരുക്കാൻ സിപിഐയിൽ പ്രാഥമിക ധാരണയായി. തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളിൽ പ്രാഥമിക ധാരണയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പാർട്ടിക്ക് വിജയപ്രതീക്ഷയുള്ളത് രണ്ടിടത്താണ്. ജനകീയ നേതാവായ വി എസ് സുനിൽകുമാറിനെ പരിഗണിക്കുന്ന തൃശ്ശൂരും മാവേലിക്കരയുമാണ് ഈ മണ്ഡലങ്ങൾ. മാവേലിക്കയിൽ പുതുമുഖത്ത പരിഗണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് മുൻ എംപി. കൂടിയായ പന്ന്യൻ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. തൃശ്ശൂരിൽ വി എസ്. സുനിൽകുമാറും വയനാട്ടിൽ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയിൽ സി.എ. അരുൺ കുമാറിനാണ് സാധ്യത. ഹൈദരാബാദിൽ ചേർന്ന സിപിഐ. ദേശീയ നേതൃയോഗത്തിലാണ് ധാരണയുണ്ടായത്. സംസ്ഥാന കൗൺസിലിൽ അന്തിമതീരുമാനം ഉണ്ടായേക്കും.

ശക്തരായ സ്ഥാനാർത്ഥികളെ തന്നെ പരിഗണിക്കണം എന്നതു കൊണ്ടാണ് സ്ഥാനാർത്ഥി നിർണ്ണയം അത്തരത്തിലേക്ക് നീങ്ങിയതും. 2004-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് നേരത്തെ എംപിയായത്. ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപി. തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ആരെയെങ്കിലും ഇറക്കാൻ ആലോചിക്കുന്നുണ്ട്. പന്ന്യൻ കൂടി എത്തുമ്പോൾ ത്രികോണ മത്സരമാകും തലസ്ഥാനത്ത് ഉണ്ടാകുക.

സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃശ്ശൂരിൽ മുൻ മന്ത്രികൂടിയായ വി എസ്. സുനിൽകുമാർ എത്തുന്നതോടെ മത്സരം കനക്കും. വി എസ്. സുനിൽ കുമാർ തൃശ്ശൂരിൽനിന്നും കൈപ്പമംഗലത്തുനിന്നും പഴയ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽനിന്നും എംഎ‍ൽഎയായിട്ടുണ്ട്. ജില്ലയിൽ വിശാലമായ ബന്ധങ്ങളുള്ള വ്യക്തിയുമാണ് അദ്ദേഹം. ഇവിടെ സിറ്റിങ് എംപിയായി ടി എൻ പ്രതാപനെതിരെ ജനവികാരം ശക്തമാണ്. സിറ്റിങ് എംപിക്കെതിരായ വികാരം വോട്ടാക്കാനാണ് സുരേഷ് ഗോപിയും ശ്രമിക്കുക. അതുകൊണ്ട് തന്നെ സുനിൽകുമാറിന്റെ സാന്നിധ്യം ന്യൂന പ്ക്ഷ വോട്ടുകളെ അടക്കം സ്വാധീനിക്കും.

മൂന്ന് സ്ഥാനാർത്ഥികൾക്കും വിജയസാധ്യത ഉള്ളതിനാൽ ഫലം പ്രവചിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാകും. മുൻ രാജ്യസഭാ എംപി. കൂടിയായ നടൻ സുരേഷ് ഗോപി ഇവിടെ ബിജെപി. സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മോദിയെ ഇറക്കി പ്രചരണം കൊഴുപ്പിച്ച സുരേഷ് ഗോപി ഇക്കുറി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് സുരേഷ് ഗോപിക്ക് അനുകൂലമായി വൻ പ്രചരണം തന്നെ മണ്ഡലത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

നിലവിൽ രാഹുൽഗാന്ധിയാണ് വയനാട് എംപി. ബിജെപിക്കെതിരെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽഗാന്ധി അവർക്ക് ശക്തിയില്ലാത്ത വയനാട്ടിൽ വന്ന് മത്സരിക്കുന്നതിനെതിരെ സിപിഐ. നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ദേശീയ നേതാവിനെത്തന്നെ മത്സരിപ്പിക്കാൻ സിപിഐ. ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ ആനി രാജയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിക്കും നിർണായകമാകും.

സിപിഐയുടെ യുവജനവിഭാഗത്തിന്റെ നേതാവാണ് സി.എ. അരുൺ കുമാർ. നിലവിൽ കൃഷി മന്ത്രി പി. പ്രസാദിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണ്. സംവരണമണ്ഡലമായ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനെ നേരിടാൻ യുവനേതാവിനെ ഇറക്കാനാണ് നിലവിൽ സിപിഐയിൽ ധാരണ. കൊടുക്കുന്നിൽ മനസ്സില്ലാ മനസ്സോടെയാണ് ഇക്കുറി മത്സരിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ യുവരക്തത്തെ ഇറക്കിയുള്ള പോരാട്ടത്തിലൂടെ വിജയസാധ്യത കൈവരിക്കാനാണ് തീരുമാനം.

സിപിഎമ്മും ഇക്കുറി മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് തീരുമാനം. ദേശീയ തലത്തിൽ ബിജെപി തുടർഭരണം നേടുമെന്ന പ്രതീതി നിലനിൽക്കുന്നതു കൊണ്ട് കൂടി ഇക്കുറി കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു തീപാറും പോരാട്ടമായി മാറുന്ന അവസ്ഥയാണുള്ളത്.