തിരുവനന്തപുരം: സിപിഎമ്മിലെ ലോക്‌സഭാ സീറ്റ് നിർണ്ണയം ഏതാണ്ട് അന്തിമമായി. എറണാകുളത്തും ചാലക്കുടിയിലും ആരെ മത്സരിപ്പിക്കണമെന്നത് കെവി തോമസിന്റെ അഭിപ്രായം കൂടി പരിഗണിച്ച് നിശ്ചയിക്കും. മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ മത്സരിക്കും. പാർട്ടി പറയുന്നത് അനുസരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസനയിലാണ് രാധാകൃഷ്ണന്റെ മത്സരം. കൊല്ലത്ത് പല പേരുകൾ പരിഗണിച്ചെങ്കിലും അസവാനം നറുക്ക് വീണത് സിനിമ നടനും എൽഎയുമായ മുകേഷിനാണ്. ചാലക്കുടിയിൽ മഞ്ജു വാര്യരെ മത്സരിപ്പിക്കാൻ സിപിഎം ചരടു വലികൾ നടത്തിയിരുന്നു. എന്നാൽ മഞ്ജു വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് മുകേഷിനെ സിനിമാക്കാരൻ എന്ന നിലയിൽ ലോക്‌സഭയിൽ മത്സരിപ്പിക്കുന്നത്.

ആലത്തൂരും പാലക്കാടും ആറ്റിങ്ങലും വടകരയിലും കണ്ണൂരിലും കാസർഗോഡും കടുത്ത മത്സരത്തിനാണ് സിപിഎം ഒരുങ്ങുന്നത്. കൊല്ലത്ത് എൻകെ പ്രമേചന്ദ്രനെ പിടിച്ചു കെട്ടാൻ മുകേഷിന്റെ സിനിമാ ഗ്ലാമറിന് കഴിയുമോ എന്നതും ചോദ്യമായി മാറുന്നുണ്ട്. പത്തനംതിട്ടയിലും അതിശക്തമായ മത്സരം കാഴ്ച വയ്ക്കും. കോൺഗ്രസിലെ ഭിന്നതകൾ സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. ബിജെപിക്ക് കേരളത്തിലുടനീളം വോട്ട് കൂടുമെന്നും ഈ സാഹചര്യത്തിൽ കേഡർ വോട്ടുകൾ നിലനിർത്തിയാൽ പോലും നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ. അതിന് വേണ്ടിയാണ് പ്രധാന മുഖങ്ങളായ തലമുതിർന്ന നേതാക്കളെ രംഗത്തിറക്കുന്നത്.

എറണാകുളത്ത് ആരാകും മത്സരിക്കുക എന്നത് വ്യക്തതയില്ല. കെ വി തോമസിന്റെ മകളെ പരിഗണിക്കുന്നുണ്ട്. എറണാകുളത്തെ സ്ഥാനാർത്ഥിയാരെന്ന് കൂടി പരിഗണിച്ച് ചാലക്കുടിയിലും തീരുമാനം വരും. രണ്ടിടത്തും തോമസിന്റെ അഭിപ്രായം നിലപാട് നിർണ്ണായകമാകും. വിജയ സാധ്യത ഉള്ളവരെ കണ്ടെത്താനാണ് ഇത്. പൊതു സ്ഥാനാർത്ഥികളും ഈ മണ്ഡലങ്ങളിൽ പരിഗണനയിലുണ്ട്. തോമസിനോട് അതിവേഗം തീരുമാനം എടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. പിണറായി വിജയന് താൽപ്പര്യമില്ലാത്ത ആരും പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത. ആറ്റിങ്ങളിൽ കടകംപള്ളിയെ തഴഞ്ഞതും പിണറായിയാണ്. പത്തനംതിട്ടയിൽ രാജു എബ്രഹാമിനും നിരാശയായി ഫലം. എം സ്വരാജിനും അവസരം കിട്ടിയില്ല. കണ്ണൂരിൽ സ്പീക്കർ ഷംസീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആഗ്രഹം ചിലർക്കുണ്ട്. എന്നാൽ ഇതിന് ഷംസീർ വഴങ്ങുന്നില്ല. അങ്ങനെ വന്നാൽ കണ്ണൂരിലെ ജില്ലാ സെക്രട്ടറി എംവി ജയരാജൻ സ്ഥാനാർത്ഥിയാകും.

എന്തു വന്നാലും മത്സരത്തിനില്ലെന്നതായിരുന്നു മന്ത്രി എം രാധാകൃഷ്ണന്റെ നിലപാട്. അത് പറ്റില്ലെന്ന് പിണറായി നിലപാട് എടുത്തു. പാർട്ടി തീരുമാനം അംഗീകരിച്ചേ മതിയാകൂവെന്നും വ്യക്തമാക്കി. ഇതോടെ രാധാകൃഷ്ണന് വഴങ്ങേണ്ടി വന്നു. മന്ത്രിയായി രാധാകൃഷ്ണൻ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായി. ദേശീയ തലത്തിൽ ശക്തിക്കൂട്ടാൻ പരമാവധി സീറ്റ് വേണമെന്നും പിണറായി പറഞ്ഞു. അതുകൊണ്ട് തന്നെ മുതിർന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ പിണറായി നിർദ്ദേശിച്ചു. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും ചെയ്തു. കോഴിക്കോട് എളമരം കരിമും മത്സരിക്കും. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.

പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിങ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണനും. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്.എറണാകുളം, ചാലക്കുടി സീറ്റിൽ ധാരണ ആയില്ല. ആറ്റിങ്ങലിൽ വി എസ് ജോയിയും സ്ഥാനാർത്ഥിയാകും. മലപ്പുറത്തും പൊന്നാനിയിലും സ്വതന്ത്രർ വരാനാണ് സാധ്യത. പൊന്നാനിയിൽ കെടി ജലീൽ അടക്കം പരിഗണനയിലുണ്ട്. മലപ്പുറത്ത് മന്ത്രി അബ്ദു റഹ്‌മാനും സ്ഥാനാർത്ഥിയാകൻ സാധ്യതയുണ്ട്.

ഇന്നും നാളെയും പാർട്ടി ജില്ലാ കമ്മിറ്റികൾ ഇഴകീറി പരിശോധിക്കുന്ന സ്ഥാനാർത്ഥി ലിസ്റ്റ് വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും, പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ കൂടി ചർച്ച ചെയ്ത ശേഷം ഈ മാസം 27 ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.