ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസിനെ കടപുഴക്കി അധികാരം ഉറപ്പിച്ചതിന് പിന്നാലെ അതിവേഗം സർക്കാർ രൂപീകരിക്കാൻ ചടുലനീക്കങ്ങളുമായി കോൺഗ്രസ്. ഗവർണർ തമിഴിസൈ സൗന്ദരരാജനെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് നേതാക്കൾ അവകാശവാദം ഉന്നയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡിയും ഉൾപ്പെടെയുള്ള നേതാക്കളാണ് ഗവർണറെ നേരിട്ടുകണ്ടത്. മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാൻ തിങ്കളാഴ്ച രാവിലെ 10ന് നിയമസഭാ കക്ഷിയോഗം ചേരും. എംഎൽഎമാരുമായി എഐസിസി നേതാക്കളും കൂടിക്കാഴ്ച നടത്തി.

അതേ സമയം തെലങ്കാനയിൽ നാളെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന് വ്യക്തമാകും. യോഗത്തിന് ശേഷം കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽമാരുടെ അഭിപ്രായവും തേടുമെങ്കിലും വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.

119 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റിലാണു കോൺഗ്രസ് ജയിച്ചത്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) 39 സീറ്റിലും ബിജെപി 8 സീറ്റിലും എഐഎംഐഎം 7 സീറ്റിലും സിപിഐ ഒരു സീറ്റിലും ജയിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) ഗവർണർ തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് നൽകിയിരുന്നു.

തെലങ്കാനയിൽ ബിആർഎസിനെ കടപുഴക്കി കോൺഗ്രസ് അധികാരത്തിലേക്കെത്തുകയാണ്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഏക പച്ചത്തുരുത്തായ തെലങ്കാനയിൽ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോൺഗ്രസ് 64 സീറ്റുകൾ നേടിയത്. കഴിഞ്ഞ തവണ 88 സീറ്റുകൾ നേടിയ ബിആർഎസ് പകുതിയിൽത്താഴെ സീറ്റുകളിലൊതുങ്ങി. 8 സീറ്റുകൾ നേടിയ ബിജെപിയുടെ മുന്നേറ്റവും വോട്ട് വിഹിതം ഇടിഞ്ഞ എഐഎംഐഎമ്മിന്റെ വീഴ്ചയും തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്നതാണ്.

തെലങ്കാനയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിയെഴുതിയ കൽവകുന്തള ചന്ദ്രശേഖർ റാവു. 2018-ൽ മിന്നുന്ന രണ്ടാമൂഴം കൂടി നേടിയതോടെ റാവുവിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ഒരു കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാൻ തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന് പേര് മാറ്റിയ കെസിആറിന് കണക്കുകൂട്ടൽ ഇത്തവണ പിഴച്ചു.

മധ്യതെലങ്കാനയിലും തെക്കൻ തെലങ്കാനയിലും കോൺഗ്രസ് തരംഗത്തിൽ ബിആർഎസ് നിലംപൊത്തി. പിന്നെയും പിടിച്ച് നിന്നത് ഹൈദരാബാദ് നഗരത്തിലാണ്. ഉത്തര തെലങ്കാനയിലെ പിങ്ക് കോട്ടയിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിൽ വിയർത്തു ബിആർഎസ്. എന്നും സുഹൃദ് പാർട്ടിയാണ് എന്ന് കെസിആർ വിശേഷിപ്പിച്ച എഐഎംഐഎമ്മിന്റെ വോട്ട് വിഹിതം പിന്നെയും ഇടിഞ്ഞത് ഓൾഡ് സിറ്റി ഹൈദരാബാദിലെ ഒവൈസി സഹോദരന്മാരുടെ വോട്ട് കോട്ടകളിൽ വിള്ളൽ വീഴുന്നു എന്നതിന്റെ കൃത്യമായ സൂചനയായി.

കോൺഗ്രസിന് കൈ കൊടുത്ത സിപിഐ ജയിച്ചു കയറിയപ്പോൾ സഖ്യത്തിന് വിസമ്മതിച്ച സിപിഎം എങ്ങുമെത്താതെ നിരാശരായി. കർണാടക മാതൃകയിൽ ജനത്തിന് നൽകിയ ആറ് ക്ഷേമവാഗ്ദാനങ്ങൾ ഫലം കണ്ടു. സംഘടനയുടെ കെട്ടുറപ്പ് കാത്ത്, തമ്മിലടികളില്ലാതെ ഹൈക്കമാൻഡ് മുതൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ സംസ്ഥാനനേതൃത്വം വരെ ഒറ്റക്കെട്ടായി നിന്നത് നേട്ടമായി.

ജനം തോളിലേൽപ്പിച്ച് തന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും വിജയശേഷം രേവന്ത് റെഡ്ഡി പറഞ്ഞു. ഇനി സർക്കാർ രൂപീകരണത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റിക്കഴിഞ്ഞു. തെലങ്കാനയുടെ അമ്മ എന്ന് കോൺഗ്രസ് വിളിക്കുന്ന സോണിയാ ഗാന്ധിയുടെ ജന്മദിനത്തിലാകും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന സൂചനകൾ വരുന്നുണ്ടെങ്കിലും അതുവരെ നീട്ടുമോ എന്നതിൽ വ്യക്തതയില്ല.

അതിനിടെ, തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. ഡിജിപി അഞ്ജനി കുമാർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫിസർ സഞ്ജയ് ജെയിൻ, മഹേഷ് എം.ഭഗവത് എന്നിവർ ഹൈദരാബാദിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും പിസിസി അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.

രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തെക്കുറിച്ച് സഞ്ജയ് കുമാർ ജെയിൻ, മഹേഷ് എം.ഭഗവത് എന്നിവരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. തിരഞ്ഞെടുപ്പിൽ മത്സരിച്ച 2,290 സ്ഥാനാർത്ഥികളിൽ ഒരാളെയും മത്സരരംഗത്തുണ്ടായിരുന്ന 16 രാഷ്ട്രീയ പാർട്ടികളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ താര പ്രചാരകനെയും കാണാൻ ഡിജിപി തീരുമാനിച്ചത് പ്രീതി തേടാനുള്ള ദുരുദ്ദേശ്യത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.