ജനീവ: ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ നരകതുല്യമായി ഗസ്സയിലെ ജീവിതം. പൊതുജനങ്ങൾ നരകിക്കുന്ന അവസ്ഥയാണ് ഗസ്സയിലുള്ളത് ബോംബാക്രമണത്തിൽ അടക്കം പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. അവയവങ്ങൾ മുറിച്ചു നീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്ും പുറത്തുവന്നു.

ഗസ്സയിലെ ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു. വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കിൽ മാത്രമേ അതിജീവിക്കാൻ സാധിക്കൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. 500 ട്രക്ക് ഭക്ഷ്യവസ്തുക്കളെങ്കിലും വിതരണം ചെയ്യാൻ സാധിക്കണം. അതിർത്തിയിൽ മാത്രമല്ല, ഫലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. 16 ആരോഗ്യപ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്.

അൽ ഷതി അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ ലബോറട്ടറി ടെക്‌നീഷ്യൻ മുഹമ്മദ് അൽ അഹെലിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇത്തരത്തിൽ നിരവധി ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല, ഗസ്സയിലുടനീളം ആശുപത്രികളിൽ അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമാണെന്നും ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

ഗസ്സയിലേക്ക് സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന് റെഡ് ക്രോസ് അധികൃതർ അറിയിച്ചു. രണ്ട് ട്രക്കുകൾ ആക്രമണത്തിൽ തകർന്നു. ഡ്രൈവർക്ക് പരുക്കേറ്റുവെന്നും റെഡ് ക്രോസ് അറിയിച്ചു. ഗസ്സ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

ഇതിനിടെ, അനിശ്ചിതകാലത്തേക്ക് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഫലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിനിടെയാണ് ഗസ്സയിലും സമാന നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഹമാസ് അല്ല ഗസ്സയുടെ കാര്യം നോക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.

ആക്രമണത്തിന് ചെറിയ ഇടവേളയെന്ന ആശയത്തോട് തുറന്ന മനസ്സാണെന്നും നെതന്യാഹു സൂചന നൽകി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഗസ്സയെ തരിശുനിലമാക്കിയിടാനാണ് ഇസ്രയേൽ പദ്ധതിയെന്ന്, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം അവർ ഹീബ്രു ഭാഷയിൽ പുറത്തിറക്കിയ നിരവധി രേഖകൾ സൂചന നൽകിയിരുന്നു.

ഇതിനിടെ, ചൊവ്വാഴ്ചയും നടത്തിയ വ്യോമാക്രമണങ്ങളിൽ എൺപതോളം പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഒരു കുടുംബത്തിലെ 42 പേരാണ് കൊല്ലപ്പെട്ടത്. റഫയിലും ഖാൻ യൂനുസിലും നടന്ന ആക്രമണങ്ങളിൽ 23 പേരും മരിച്ചു.

ഫലസ്തീൻ വാർത്താ ഏജൻസി വഫയുടെ ജേണലിസ്റ്റ് മുഹമ്മദ് അബൂ ഹാസിറയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഗസ്സയിൽ ഇതുവരെ 10,328 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 4,237 കുട്ടികളും 2,719 സ്ത്രീകളുമാണ്. 25,965 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് ഒഴിയുന്നവർക്കായി സുരക്ഷിതപാത ഒരുക്കിയതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഗസ്സ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പുനൽകി.

അടിയന്തര വെടിനിർത്തൽ ആവശ്യം അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇന്ധനം ഗസ്സക്ക് ഏറ്റവും അടിയന്തര ആവശ്യമായി മാറിയ നിമിഷമാണെന്നും ഇതുവരെ എത്തിയ 569 സഹായ ട്രക്കുകളിൽ ഒന്നുപോലും ഇന്ധനമല്ലെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷണ സമിതി ചൊവ്വാഴ്ച മുന്നറിയിപ്പു നൽകി. 12 ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്നും എന്നാൽ ഇസ്രയേൽ ആക്രമണം കാരണം ഇതിന് സാധ്യമാകുന്നില്ലെന്നും ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

ഇസ്രയേലിന്റെ ഗസ്സ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ യു.എൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ വോൾക്കർ ടർക്ക് അഞ്ചു ദിവസ സന്ദർശനത്തിനായി പശ്ചിമേഷ്യയിലെത്തും.