വാഷിങ്ടൺ: ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമായി തുടരവേ ഇസ്രയേലിന് വേണ്ടി നിലയുറപ്പിക്കുകയാണ് അമേരിക്ക. ഇസ്രയേലിന് പിന്നിൽ അടിയുറച്ചു നിൽക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ഹമാസിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് ഉപമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് യുദ്ധപ്രഖ്യാപനത്തിന് സമാനമായാണ് ബൈഡന്റെ നീക്കം.

ഹമാസും പുടിനും സമമാണെന്നും അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യമെന്നും യുഎസ് പൗരന്മാരെ അഭിസംബോധന ചെയ്ത് ബൈഡൻ പറഞ്ഞു. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന കാര്യവും വാഷിങ്ടണിൽ നടന്ന പരിപാടിയിൽ ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം കരുത്തുറ്റതാക്കാനാണ് ധനസഹായം. ആഗോളനേതാക്കൾ എന്ന നിലയിൽ അത് തങ്ങളുടെ കടമയാണെന്നാണ് ബൈഡൻ അറിയിച്ചത്. യുക്രൈനിനും സമാന രീതിയിൽ അമേരിക്ക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

'തീവ്രവാദ സംഘടനയായ ഹമാസും സ്വേച്ഛാദിപതികളായ റഷ്യയും ജയിച്ചുകൂട. ഒരു മഹത്തരമായ രാഷ്ട്രം എന്ന നിലയ്ക്ക് നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാനാവില്ല. പ്രസിഡന്റ് എന്ന നിലയ്ക്ക് ഹമാസ് പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനാണ് ഇപ്പോൾ ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്.

ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരന്മാരെ മോചിപ്പിക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണന മറ്റൊന്നിനുമില്ല. ബന്ദികളാക്കിയവരെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാൻ യു.എസ് ഭരണകൂടം എല്ലാ വഴികളിലൂടെയും ശ്രമിക്കുകയാണ്. ഇക്കാര്യം ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. അമേരിക്കക്കാർ അടക്കം 200 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്നും ജോ ബൈഡൻ വ്യക്തമാക്കി.

വളരെയേറെ വേദനയും ദേഷ്യവും അതേസമയം നിശ്ചയദാർഢ്യവുമൊക്കെയുള്ള അനേകം മനുഷ്യരെ ഇസ്രയേൽ സന്ദർശനത്തിനിടെ കണ്ടു. ഫലസ്തീൻ ജനതയുടെ നഷ്ടം ഹൃദയഭേദകമാണ്. നിഷ്‌കളങ്കമായ ഒരു ജീവനും നഷ്ടപ്പെട്ടുകൂട'. ബൈഡൻ പറഞ്ഞു. ഗസ്സയിലെ ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതല്ല എന്ന് പ്രസംഗത്തിൽ ആവർത്തിക്കാനും ബൈഡൻ മറന്നില്ല.

അതേസമയം ഇസ്രയേൽ പൗരന്മാർക്ക് ഇനി വിസയില്ലാതെ യു.എസിലേക്ക് എത്താമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇസ്രയേലിനൊപ്പമെന്ന് വ്യക്തമാക്കുന്നതാണ് നടപടി. 90 ദിവസം വരെയാണ് ഇത്തരത്തിൽ യു.എസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നേരത്തെ നവംബർ 30 മുതൽ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് യു.എസ് അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് നേരത്തെ ആക്കുകയായിരുന്നു.

ഇതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇസ്രയേൽ പൗരന്മാർക്ക് യു.എസിലെത്താനാവുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യു.എസിലേക്ക് വരാൻ വിസ വേണ്ടാത്ത രാജ്യങ്ങളിൽ ഇസ്രയേലിനെയും ഉൾപ്പെടുത്താൻ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.

40 ഓളം രാജ്യങ്ങളിലെ പൗരന്മാർക്കാണ് യു.എസിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതിലാണ് ഇസ്രയേലിനെയും ഉൾപ്പെടുത്തിയത്. ഇസ്രയേൽ പൗരന്മാർക്ക് നവംബർ 30 മുതൽ പുതിയ സംവിധാനത്തിനായി അപേക്ഷ നൽകാമെന്നാണ് അറിയിപ്പ്. ബയോമെട്രിക് പാസ്‌പോർട്ടുള്ള ഇസ്രയേൽ പൗരന്മാർക്കാണ് അപേക്ഷിക്കാനാവുക. 90 ദിവസത്തിലധികം അവർ രാജ്യത്ത് തങ്ങരുതെന്നും ചട്ടമുണ്ട്. 21 ഡോളറാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ്. അതേസമയം, ഇസ്രയേൽ പൗരന്മാർക്ക് വിസയില്ലാതെ യു.എസിലേക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

അതേസമയം ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. അവസാന മണിക്കൂറിൽ മാത്രം ഗസ്സയിൽ ഇസ്രയേൽ തകർത്തത് 10 റസിഡൻഷ്യൽ കോംപ്ലക്സുകളാണ്. ഗസ്സ സിറ്റിയിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.