ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ കടുത്ത നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം യോഗം ചേർന്ന് കാനഡയുമായി യാതൊരു വിട്ടുവീഴ്‌ച്ചയും വേണ്ടെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് കടുത്ത നിലപാടിലേക്ക് കടന്നതും.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഇപ്പോഴത്തെ നിലയിൽ കാനഡയും സമാനമായി ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെക്കാനുള്ള സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ, കാനഡയിലേക്ക് ചേക്കേറാൻ തയ്യാറായിരിക്കുന്ന നിരവധി മലയാളികളും പ്രതിസന്ധിയിലാകും. ഈ ആശങ്ക നിലനിൽക്കുന്നുണ്ട് താനും.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഗൗരവമായ ആരോപണമാണ് കാനഡ ഉയർത്തിയതെന്നും അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ, കാനഡയിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരും, വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരു്‌നു. . ' കാനഡയിലെ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും, രാഷ്ട്രീയ ഒത്താശയോടെയുള്ള അക്രമങ്ങളും കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യാക്കാർ അതീവ ജാഗ്രത പുലർത്തണം. ഇന്ത്യ-വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും, ഇന്ത്യൻ നയതന്ത്രപ്രതിനിധികളെയും ലക്ഷ്യമിട്ടാണ് സമീപകാല ഭീഷണികൾ. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങൾ ഉണ്ടായ മേഖലകളിലേക്കും സ്ഥലങ്ങളിലേക്കും ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്യരുത്.

കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റ സുരക്ഷയ്ക്കും, ക്ഷേമത്തിനുമായി ഹൈക്കമ്മീഷണനും, കോൺസുലേറ്റ് ജനറൽമാരും, കനേഡിയൻ അധികൃതരുമായി തുടർന്നും ബന്ധപ്പെടുന്നതാണ്. കാനഡയിലെ സുരക്ഷാ അന്തരീക്ഷം അടിക്കടി മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾ വിശേഷിച്ചും അതീവ ജാഗ്രത പുലർത്തുകയും, മുൻകരുതലെടുക്കുകയും വേണ്ടതാണ്.

ഒട്ടാവയിലെ ഹൈക്കമ്മിഷൻ വഴിയോ, വാൻകൂവറിലെയോ ടൊറന്റോയിലെയോ കോൺസുലേറ്റ് ജനറൽ ഓഫീസുകൾ വഴിയോ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യം വന്നാൽ, ഇന്ത്യാക്കാരെ ബന്ധപ്പെടുന്നതിന് ഹൈക്കമ്മീഷനും, കോൺസുലേറ്റ് ജനറൽ ഓഫീസുകൾക്കും രജിസ്ട്രേഷൻ വളരെ സഹായകമായിരിക്കും.' വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ, ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനു തിരിച്ചടിയായി കാനഡയുടെ നയതന്ത്രപ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയതോടെ നയതന്ത്രബന്ധം കൂടുതൽ വഷളായിരുന്നു.