മോസ്‌കോ: റഷ്യ- യുക്രെയിൻ യുദ്ധം കനക്കുമ്പോൾ, യുക്രെയിനിന്റെ ഒരു വൻ ആക്രമണം പരാജയപ്പെടുത്തിയതായി റഷ്യ അവകാശപ്പെടുന്നു. തെക്കൻ ഡൊണേട്സ്‌കിൽ നടന്ന ആക്രമണത്തിൽ 250 യുക്രെയിൻ സൈനികരെ വധിച്ചതായും 16 ടാങ്കുകൾ നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. ഇന്നലെ അതിരാവിലെ പുറത്തിറക്കിയ ഒരു അപൂർവ്വ വീഡിയോയിലൂടെ റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡൊണേട്സ്‌കിൽ അഞ്ചിടങ്ങളിൽ വൻ മുന്നേറ്റം നടത്താൻ ആയെന്നും വീഡിയോയിൽ പറയുന്നുണ്ട്.

റഷ്യൻ സൈന്യം ഏറ്റവും ദുർബലമായ ഇടത്ത് ആഞ്ഞടിക്കാൻ ആയിരുന്നു യുക്രെയിൻ സൈന്യം പദ്ധതി ഇട്ടതെന്നും അത് പരാജയപ്പെടുത്തുകയായിരുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, യുക്രെയിൻ ഇതിനെ കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. റഷ്യ പിടിച്ചടക്കിയ ഭാഗങ്ങളെല്ലാം തിരികെ പിടിക്കാനായി പ്രത്യാക്രമണം നടത്തുന്നതിനെ സംബന്ധിച്ച് യുക്രെയിൻ അധികൃതർ കഴിഞ്ഞ കുറേ മാസങ്ങളായി പറയുന്നുണ്ട്. കിഴക്കൻ യുക്രെയിനിലെ ബാഖ്മത്തിൽ നടന്ന നീണ്ട പോരാട്ടത്തിനു ശേഷമാണ് ഇപ്പോൾ ഡൊണേട്സ്‌കിലെ യുദ്ധമുഖം സജീവമാകുന്നത്.

പ്രത്യാക്രമണത്തിന് ഉതകുന്ന ആയുധങ്ങളും മറ്റും അടുത്ത കാലത്ത് പാശ്ചാത്യ ശക്തികൾ യുക്രെയിന് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു തിരിച്ചടിക്ക് യുക്രെയിൻ സജ്ജമാണെന്ന് പ്രസിഡണ്ട് സെലെൻസ്‌കി പറയുകയും ചെയ്തിരുന്നു. എന്നാൽ, പതിവുപോലെ യുദ്ധ വാർത്തകൾ പങ്കുവയ്ക്കുന്ന സായാഹ്ന വീഡിയോകളിൽ സെലെൻസ്‌കി ഡൊണേട്സ്‌കിലെ ആക്രമണ വിവരം പരാമർശിച്ചില്ല.

റഷ്യൻ ചീഫ് ഓഫ് ജനറൽ; സ്റ്റാഫ് ആർമി ജനറൽ ജെറാസിമോവ് ആയിരുന്നു റഷ്യൻ നീക്കങ്ങളെ നിയന്ത്രിച്ചത്. റഷ്യൻ- യുക്രെയിൻ യുദ്ധത്തിൽ നിർണ്ണായക പങ്ക് വഹിച്ച പുടിന്റെ സ്വകാര്യ സേന എന്നറിയപ്പെടുന്ന വാഗ്നർ സൈന്യത്തിന്റെ സർവ്വ സൈന്യാധിപൻ പ്രിഗോസിൻ കഴിഞ്ഞ ദിവസം റഷ്യൻ സൈന്യത്തിന്റെ കഴിവുകേടിനെ കുറിച്ച് പരസ്യമായി ചില പരാമർശങ്ങൾ നടത്തിയിരുന്നു. പ്രതിരോധ മന്ത്രിയോ ചീഫ് ഓഫ് ജനറൽ സ്റ്റാഫോ പക്ഷെ അതിനെതിരെ പ്രതികരിച്ചിരുന്നില്ല.

അതെസമയം, ഏറെ അവകാശവാദങ്ങൾ ഉന്നയിക്കാതെ തികച്ചും നിശബ്ദമായി തിരിച്ചടിക്കാനാണ് യുക്രെയിൻ ഉദ്ദേശിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ ദിവസം റഷ്യൻ മിസൈലുകൾ യുക്രെയിൻ തകർക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിലർക്കെതിരെ നടപടികൾ സ്വീകരിച്ചത് ഇതിന്റെ ഭാഗമാണെന്ന് അവർ കരുതുന്നു. അതേസമയം കൂടുതൽ ആയുധങ്ങൾ ശേഖരിച്ച ശേഷം മാത്രമെ യുക്രെയിൻ തിരിച്ചടിക്കാൻ തുടങ്ങുകയുള്ളു എന്ന് ഒരു കൂട്ടം നിരീക്ഷകർ പറയുന്നുമുണ്ട്.