യെരുശലേം: ഗസ്സയിൽ വെള്ളിയാഴ്ച രാവിലെ മുതൽ വെടിനിർത്തൽ ആരംഭിക്കുകയാണെങ്കിലും, ഹമാസ് നേതാക്കൾക്ക് ഒരുസംരക്ഷണവും ഉണ്ടാവില്ല. ഹമാസ് നേതാക്കളെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ഇസ്രയേലിന് ഇല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അർഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് നേതാക്കൾ എവിടെയാണെങ്കിലും വകവരുത്താനാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നെതന്യാഹു നിർദ്ദേശം നൽകിയിരിക്കുന്നത്.

യുദ്ധം അവസാനിച്ചാലും, ഗസ്സ തുടർന്നും തങ്ങൾക്ക് ഭരിക്കാമെന്നാണ ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയെയും, ഖാലിദ് മഷാലും പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ടിൽ പറയുന്നു.

ഹമാസിനെ തുടച്ചുനീക്കുക, ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക, ഗസ്സയിൽ ഇസ്രയേലിന് ഭീഷണിയാകാത്ത ഭരണകൂടത്തെ സ്ഥാപിക്കുക, ഇതൊക്കെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അതേസമയം, യുദ്ധത്തിൽ ഒരുമാസത്തിനിടെ, 70 ഇസ്രയേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതും, ഹമാസിനെതിരായ പോരാട്ടത്തിന്റെ വിലയായി നെതന്യാഹു സമ്മതിക്കുന്നുണ്ട്.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് മൊസാദ് മേധാവി ഡേവിഡ് ബാർനി ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബങ്ങൾക്ക് വ്യാജപ്രതീക്ഷ നൽകുന്നത് ഒഴിവാക്കാൻ, മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ല.

വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുത

ഗസ്സയിലെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹമാസും, ഇസ്രയേലും അംഗീകരിച്ച വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കുന്നത്.

വൈകുന്നേരം നാലുമണിയോടെ ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് മോചിപ്പിക്കും. സ്ത്രീകളും കുട്ടികളുമായി 13 പേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കുക. ഖത്തറിന്റെ മധ്യസ്ഥത്തിൽ അഞ്ചാഴ്ച നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഗസ്സയിൽ നാലുദിവസം വെടിനിർത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചത്. ഗസ്സയിൽ ബന്ദികളാക്കിയിരിക്കുന്ന 240 പേരിൽ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളിൽ ഹമാസ് മോചിപ്പിക്കും. പകരം 150 ഫലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടുകൊടുക്കും. ഗസ്സയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴത്തെ വെടിനിർത്തൽ കരാർ. സാഹചര്യമനുസരിച്ച് വെടിനിർത്തൽ ദിനങ്ങളുടെ എണ്ണം കൂടാമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കൂടുതൽ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കിൽ മോചിപ്പിക്കുന്ന ഓരോ പത്തുപേർക്കും ആനുപാതികമായി വെടിനിർത്തൽ ഓരോദിവസം നീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.

ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

മൊസാദ്: ചിറകുവിരിച്ചു നിൽക്കുന്ന ആ പരുന്ത്

ഹമാസ് നേതാക്കൾ എവിടെയാണെങ്കിലും വകവരുത്താൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് നെതന്യാഹു നിർദ്ദേശം നൽകിയത് വെറുതെയല്ല. ആ ചാരസംഘടനയുടെ ചരിത്രം അങ്ങനെയാണ്. ചിറകുവിരിച്ചു നിൽക്കുന്ന പരുന്താണ് മൊസാദിന്റെ എംബ്ലം. അതിൽ എല്ലാമുണ്ട്. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാൻ നടക്കുന്ന പരുന്തുകളാണവർ. 1949 ഡിസംബർ 13ന് രൂപീകരിച്ചതു മുതൽ ആക്രമണങ്ങളുടെ നീണ്ട നിരയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് 1951 ഏപ്രിലിൽ മൊസാദ് രൂപവത്ക്കരിച്ചത്. ഇസ്രയേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്നു.

ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമാണ് ഒരു മൊസാദ് കമാൻഡോയുടേത്. കരയിലും കടലിലും മരുഭൂമിയിലും ലോകത്ത് എവിടെ വെച്ചും പോരാടൻ അയാൾക്ക് പരിശീലനം കിട്ടും. വെള്ളം കുറച്ച് ഉപയോഗിച്ച് എങ്ങനെ മാസങ്ങൾ അതിജീവിക്കാം, ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കാം തൊട്ട്. സൈക്കിൾ തൊട്ട് വിമാനംവരെ ഓടിക്കാനും പഠിപ്പിക്കും. ലോകത്തിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനും പരിശീലനം കിട്ടും. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തിൽ ഒരാൾ ഒറ്റിയാൽ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് നിയമം. ഭൂമിയിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രയേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.സ്ഥാപക ഡയറക്ടറായ റൂവൻ ഷില്ലോവ മുതൽ നിലവിലെ ഡയറക്ടർ യോസി കോഹൻവരെയുള്ളവർ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്.

കിഡോൺ എന്ന കൊലയാളി സംഘം

ഇസ്രയേലിനെ സംബന്ധിച്ച് നിർണ്ണായകമായിരുന്നു 1967ലെ യുദ്ധം. അറബ് രാഷ്ട്രങ്ങൾ വളഞ്ഞിട്ട് പോരാടിച്ചിട്ടം എല്ലാവരും തോറ്റമ്പി. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന കാടൻ തന്ത്രം 1967-ലെ അറബ് - ഇസ്രയേൽ യുദ്ധത്തോടെ അവസാനിക്കുകയും ഇസ്രയേൽ, ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ അതിരുകൾ അറബ് ആവാസപ്രദേശങ്ങളിലേക്ക് നീട്ടുകയും ചെയ്തു.അപ്പോഴേക്കും കൂടുതൽ ഗൂഡവും പ്രച്ഛന്നതരത്തിലുള്ളതുമായ ഒരു അടിച്ചമർത്തൽ ശൈലി ഇസ്രയേൽ സ്വീകരിച്ചിരുന്നു: കൊലപാതകം അല്ലെങ്കിൽ രഹസ്യായി ഇല്ലാതാക്കൽ. മ്യൂണിക് ഒളിംപിക്‌സിലെ (1972) കൂട്ടക്കൊലയ്ക്ക് ശേഷം ഇസ്രയേലിന്റെ തിരിച്ചടിയുടെ പ്രധാന ഭാഗമായി മാറിയ ദ കിഡോൺ 'കുന്തമുന' എന്ന മൊസാദിലെ ഈ ചെറിയ സംഘം കൊലയാളി വിഭാഗം പിന്നെ ലോകം മുഴുവനായുമുള്ള നടപടികൾക്ക് ഉപയോഗിക്കപ്പെട്ടു.

ഇനി മൊസാദിന് ആരെയും കൊല്ലാനുള്ള അനുമതിയുണ്ടെന്നും കരുതരുത്. എതിരാളികളുടെ വധങ്ങൾ തോന്നും പോലെ കൈവിട്ടുപോകുമോ എന്നു ഇസ്രയേലിനും ആശങ്കയുണ്ടായിരുന്നു. മൊസാദിന്റെ ആദ്യകാല തലവന്മാരിലൊരാളായ മെയിർ അമീറ്റിന്റെ കാലത്തുണ്ടാക്കിയ അതിന്റെ കൊലപാതക നിയമങ്ങളിൽ, നിയമസംവിധാനത്തിന് മുന്നിൽ നിരത്താവുന്ന തരം തെളിവുകളും വ്യക്തമായ രാഷ്ട്രീയ അനുമതിയും വേണമെന്നുണ്ട്. ഗോർഡൻ തോമസിന്റെ Gideon's Spies എന്ന പുസ്തകത്തിൽ പറഞ്ഞപോലെ ഈ നിയമങ്ങളിൽ, 'ഓരോ കൊലപാതകത്തിനും പ്രധാനമന്ത്രിയുടെ അനുമതി വേണം. ചട്ടമനുസരിച്ചേ എന്തും ചെയ്യാവൂ. തീരുമാനങ്ങളുടെ രേഖകൾ സൂക്ഷിക്കണം. നമ്മുടെ ദൗത്യങ്ങൾ ഭരണകൂടം നടത്തുന്ന കൊലപാതകങ്ങളായി കാണാൻ ഇടവരരുത്. മറിച്ച് രാഷ്ട്രത്തിന് കൊണ്ടുവരാവുന്ന അവസാനത്തെ നിയമനടപടി എന്ന നിലയ്ക്കാകണം. ഒരു ആരാച്ചാറിൽ നിന്നോ നിയമം ഏർപ്പാടാക്കിയ കൊലയാളിയിൽ നിന്നോ നാം വ്യത്യസ്തരല്ല,' എന്ന് പറയുന്നുണ്ട്.

ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരെ തീവ്രമായ ആക്രമണങ്ങൾ നടത്തുന്നതായുള്ള വിമർശനം മൊസ്സാദിനെതിരെ പലപ്പോഴും ഉയരാറുണ്ട്. കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു.. മാത്രമല്ല അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നതായും ആരോപണം ഉണ്ട്. ഹമാസ് സൈനിക കമാണ്ടർ മഹ്‌മൂദ് അൽ മഫൂഹ്, 2010 ജനുവരി 19 ന് ദുബായിലെ ഒരു ഹോട്ടലിൽ കൊലചെയ്യപ്പെട്ടതിനു പിന്നിലും ഇസ്രയേൽ ചാര സംഘടനായായ മൊസ്സദ് ആണെന്ന് ശക്തമായി സംശയിക്കപ്പെടുന്നു.

മൊസാദിന്റെ ക്രൂര കൃത്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി  നെതന്യാഹു ഒരിക്കൽ പറഞ്ഞു. 'ഞങ്ങൾ ആരെയെങ്കിലും അങ്ങോട്ട് പോയി ആക്രമിച്ചിട്ടുണ്ടോ. ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ തിരിച്ചടികൾ ആണ് കൊടുത്തിട്ടുള്ളത്. ഞങ്ങൾ രക്തമൊഴുക്കിയാണ് സമാധാനം നേടുന്നത്. നിങ്ങൾക്ക് ഞങ്ങളെ ഉപദ്രവിക്കുന്നത് നിർത്തൂ. മൊസാദും ഇല്ലാതാവും.