ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ച മോദി, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണമെന്നും പറഞ്ഞു. നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.

ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും സംഭാഷണത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. സമുദ്രാതിർത്തിയിലെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവെച്ചതായും നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേൽ-ഹമാസ് പ്രതിസന്ധിയും ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗമായെന്നും വിഷയത്തിലെ ഭാരതത്തിന്റെ നിലപാട് ഉയർത്തിക്കാട്ടിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഭാരതം നേരത്തേ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. ദുരിതബാധിതരായവർക്ക് മാനുഷിക പരിഗണന നൽകണമെന്നും ഇത് കണക്കിലെടുത്ത് മേഖലയിൽ സ്ഥിരത കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഫോൺ സംഭാഷണത്തിൽ ഇത് വീണ്ടും അടിവരയിട്ട് പറഞ്ഞതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

''തുടരുന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ പങ്കുവച്ചു. ദുരിതബാധിതർക്ക് മാനുഷിക സഹായത്തോടൊപ്പം മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടും ചൂണ്ടിക്കാട്ടി'' പ്രധാനമന്ത്രി കുറിച്ചു.

ഗസ്സയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമാക്കിയിരുന്നു. ഗസ്സയിലെ കൂട്ടക്കൊല രാജ്യാന്തര തലത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് വ്യാപകമായ കരയാക്രമണവും ബോംബാക്രമണവും കുറയ്ക്കണമെന്നും യുദ്ധതന്ത്രം മാറ്റണമെന്നും യുഎസ് നിർദേശിച്ചത്. സമ്പൂർണ വിജയം നേടും വരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതിനിടെയാണ് നെതന്യാഹുവുമായി മോദി സംസാരിച്ചതെന്നതു ശ്രദ്ധേയം.

ഒക്ടോബറിൽ ഹമാസ് ഇസ്രയേൽ പട്ടണങ്ങളിൽ ആക്രമണം നടത്തുകയും 1,200 പേരെ കൊലപ്പെടുത്തുകയും 240 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിലെ ബോംബാക്രമണത്തെ തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ ഇസ്രയേൽ ആഗോള തലത്തിൽ വിമർശിക്കപ്പെട്ടു. ഗസ്സയിലെ ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച് ഏകദേശം 20,000 പേർ മരിച്ചു. കൂടുതൽ പേരും മരിച്ചത് ബോംബാക്രമണത്തിലാണ്. ആയിരക്കണക്കിന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.