ബാലി: കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20യുടെ അദ്ധ്യക്ഷ സ്ഥാനം ഇനി ഇന്ത്യക്ക്. ഉച്ചകോടിയുടെ സമാപന ചടങ്ങിൽ, ഇന്തൊനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡയുടെ കൈയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഡിസംബർ 1 മുതലാണ് ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കുക. ഒരു വർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യ ഏറ്റെടുത്ത പ്രസിഡന്റുസ്ഥാനം അടുത്തവർഷം ഇന്ത്യ ബ്രസീലിന് കൈമാറും. ഗ്ലോബൽ സൗത്തിൽ(വികസ്വര രാജ്യങ്ങൾ) നിന്നുള്ള മൂന്നുരാജ്യങ്ങൾ തുടർച്ചയായ മൂന്നുവർഷം ജി 20-ന്റെ നേതൃസ്ഥാനം വഹിക്കുന്നു എന്നതും ഇപ്പോഴത്തെ പ്രത്യേകതയാണ്.

ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഡിജിറ്റൽ പരിവർത്തനം സഹായകരമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങൾ ജി20 യോഗങ്ങൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവും ആയിരിക്കും'' പ്രധാനമന്ത്രി പറഞ്ഞു.അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ടായിരുന്നു. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സുസ്ഥിര വളർച്ചയെക്കുറിച്ചും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും റിഷി സുനക്കും ചർച്ച നടത്തിയതിന് പിന്നാലെ 3,000 വിസകൾക്ക് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയതം നേട്ടമായി. ഇന്ത്യൻ പൗരന്മാർക്ക് ഓരോ വർഷവും ബ്രിട്ടനിൽ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണൽസ് സ്‌കീമിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.18 മുതൽ 30 വരെ വയസുള്ള ബിരുദം പൂർത്തിയാക്കിയ ഇന്ത്യൻ പൗരന്മാർക്ക് യുകെ യിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി നൽകി എന്ന് യുകെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ വംശജനായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി റിഷി സുനക് കഴിഞ്ഞ മാസം അധികാരമേറ്റതിന് ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്‌ച്ചയാണ് ജി20 ഉച്ചകോടിയുടെ പതിനേഴാം പതിപ്പിനോടനുബന്ധിച്ച് നടന്നത്.'ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിൽ ഏറെ പ്രധാനപ്പെട്ട നിമിഷമാണ് ഈ പദ്ധതിയുടെ സമാരംഭം. ഇരു സമ്പദ് വ്യവസ്ഥകളുടേയും കരുത്തുകൂട്ടാൻ ഉതകുന്ന വിധത്തിൽ ഇന്തൊപസഫിക് മേഖലയിൽ മേഖലയിൽ വിശാലവും സുദൃഢവുമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,' ബ്രിട്ടീഷ് സർക്കാർ പ്രസ്താവിച്ചു.'ഇന്തൊപസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളേക്കാളും ബന്ധം യുകെയ്ക്ക് ഇന്ത്യയുമായുണ്ട്. യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് ഇന്ത്യയിൽ നിന്നുള്ളവരാണ്. യുകെയിലുള്ള ഇന്ത്യൻ നിക്ഷേപം 95,000 തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു,' യുകെ ഭരണകൂടം പ്രതികരിച്ചു.

ഇന്ത്യ, ചൈന, സൗദി അറേബ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ, അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്തൊനീഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ജി 20 യിൽ ഉള്ളത്. ലോകത്താകെ കണക്കാക്കപ്പെടുന്ന ആഗോള ജി ഡി പിയുടെ 85% ഓഹരിയും സംഭാവന ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്.

2023 സെപ്റ്റംബർ 9,10 തീയതികളിൽ ഡൽഹിയിൽ വച്ചാണ് ജി 20 ഉച്ചകോടി നടക്കുക. രാജ്യാന്തര സാമ്പത്തിക സഹകരണം ലക്ഷ്യം വച്ചുള്ള വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.