കാബൂൾ: അക്ഷരാർത്ഥത്തിൽ സ്ത്രീകളുടെ നകരമായി മാറുകയാണ് അഫ്ഗാനിസ്ഥാൻ എന്ന രാജ്യം. സർവകലാശാലകളിൽ സ്ത്രീകളെ വിലക്കിയതിന് പിന്നാലെ, എൻജിഒകളിൽ ജോലിക്ക് പോകുന്നതിനെയും വിലക്കി താലിബാൻ ഭരണകൂടം രംഗത്തുവന്നതോടെ തീർത്തും ദുരിതമയമായി ഇവിടുത്തെ ജീവതം. ദേശീയ, അന്താരാഷ്ട്ര എൻജിഒകളിൽ ജോലി ചെയ്യുന്നതിനെയാണ് വിലക്കിയിരിക്കുന്നത്.

ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത് എന്ന് താലിബാൻ സാമ്പത്തിക മന്ത്രാലയം എൻജിഒകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇസ്ലാമിക നിയമപ്രകാരമുള്ള ഹിജാബ് ധരിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ത്രീകളെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും ഉത്തരവ് ലംഘിച്ചാൽ എൻജിഒകളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താലിബാന്റെ തീരുമാനം അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾക്ക് പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. താലിബാന്റെ പുതിയ തീരുമാനം ദശലക്ഷക്കണക്കിന് ആളുകളെ ജീവൻ രക്ഷിക്കുന്നതിന് സഹായകരമാകുന്ന മനുഷ്യാവകാശ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ട്വിറ്ററിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സ്ത്രീകളാണ് പ്രധാന പങ്കുവഹിക്കുന്നത്. ഈ തീരുമാനം അഫ്ഗാൻ ജനതക്ക് വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ് ലഭിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സ്ത്രീകളെ പിരിച്ചുവിടുന്നത് അഫ്ഗാനിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എൻ ഡെപ്യൂട്ടി സ്പെഷ്യൽ പ്രതിനിധി റമീസ് അലക്‌ബറോവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ അഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലായി. ഉപരോധങ്ങളും വികസന സഹായങ്ങളിൽ വെട്ടിക്കുറയ്ക്കലും തുടരുകയാണ്. അഫ്ഗാൻ എയ്ഡിന്റെ കണക്കനുസരിച്ച്, 28 ദശലക്ഷം അഫ്ഗാനികൾക്ക് അടുത്ത വർഷം സഹായം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ സ്ത്രീകൾക്ക് മേൽ രണ്ട് നിയന്ത്രണങ്ങളാണ് താലിബാൻ അടിച്ചേൽപ്പിച്ചിരിക്കുന്നത്. നേരത്തെ, സ്ത്രീകളെ സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് താലിബാൻ ഉത്തരവിറക്കിയിരിക്കുന്നു. ഇതിന് പിന്നാലെ, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വിലക്കുമായി താലിബാൻ രംഗത്തെത്തിയത്.

താലിബാൻ നേതാക്കളുടെ മക്കൾ പഠിക്കുന്നന് വിദേശത്ത്

സ്‌കൂൾ പഠനത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും വിലക്ക് ഏർപ്പെടുത്തുമ്പോൾ താലിബാൻ നേതാക്കളുടെ മക്കൾ പഠിക്കുന്നത് വിദേശത്ത്. അഫ്ഗാൻ മന്ത്രിമാരുടെ മക്കൾ ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലാണ് പഠിക്കുന്നത്.

പാക്കിസ്ഥാനിൽനിന്ന് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിസിഷ്യൻ കൂടിയായ ആരോഗ്യമന്ത്രി ക്വാലന്ദർ ഇബദിന്റെ മകൾ ഇസ്ലാമാബാദിൽ ഡോക്ടറാണ്. വിദേശസഹമന്ത്രി ഷെർ മുഹമ്മദ് അബ്ബാസിന്റെ മകൾ ദോഹയിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കി. താലിബാൻ വക്താവായ സുഹൈൽ ഷഹീനിന്റെ മക്കളും ദോഹയിലാണ് പഠിക്കുന്നത്.

അഫ്ഗാൻ സർക്കാരിലെ മറ്റ് ഉന്നതരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയുമെല്ലാം മക്കൾ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവരാണ്. അഫ്ഗാനിൽ ആറാം ക്ലാസ് മുതൽ പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠനത്തിന് വിലക്കുണ്ട്. ഇതിനു പുറമെയാണ് സർവകലാശാലാപഠനവും വിലക്കിയത്. പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമില്ല. സ്ത്രീകൾക്ക് ബന്ധുവായ ഒരു പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്.

താലിബാനെ രൂക്ഷമായി വിമർശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തി. എന്നാൽ, ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനാലും പെൺകുട്ടികൾ വസ്ത്രധാരണത്തിലെ നിയമങ്ങൾ പാലിക്കാത്തതിനാലുമാണ് സർവകലാശാലാ വിദ്യാഭ്യാസം വിലക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നിദ മൊഹമ്മദ് നദീം പറഞ്ഞു.